കണ്ണൂർ: 11-കാരൻ നിഹാൽ തെരുവനായ ആക്രണത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കേരളജനത. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ദിവ്യാംഗനായ, സംസാരശേഷിയില്ലാത്ത കുട്ടി ആക്രമണത്തിന് ഇരയായത്. നിഹാൽ നേരിട്ടത് അതിക്രൂരമായ ആക്രമണമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരമാസകലം തെരുവ് നായ്‌ക്കൾ കടിച്ചുകീറിയിരുന്നതായും തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയുടെ ശരീരമാസകലം നായകൾ മാന്തിയതിന്റെയും കടിച്ചതിന്റെയും പാടുകളുണ്ട്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുമണ്ട്. കഴുത്തിന് പുറകിലും ചെവിയ്‌ക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവുകളാണ്. ഇടതുകാലിന്റെ തുടയിലെ മാംസം പൂർണ്ണമായും കടിച്ചെടുത്ത നിലയിലും പൊക്കിളിന് ആറ് ഇഞ്ച് താഴെ മുതൽ കാൽ മുട്ടു വരെ കടിച്ച് പറിച്ച നിലയിലുമായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഓട്ടിസം ബാധിച്ച നിഹാലിനെ വീട്ടിൽ നിന്നും കാണാതായത്. കുട്ടിയ്‌ക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ 500 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നിഹാലിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി എടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി.
















Comments