വീട് എത്ര വൃത്തിയാക്കിയാലും വീട്ടിലെ ചില പ്രാണികളെ തുരത്തിയോടിക്കാൻ കഴിയില്ല. ഇതിൽ പ്രധാനമായിട്ടുള്ളതാണ് ഉറുമ്പും പാറ്റയും കൊതുകുമൊക്കെ. അടുക്കളയിലാണ് ഇവയൊക്കെ കൂടുതലായും കാണുന്നത്. എത്ര ശ്രമിച്ചാലും ഇവയെ ഓടിക്കാൻ കഴിയില്ല എന്നതാണ് സത്യം. നമ്മുടെ വീട്ടിലെ തന്നെ ചില മാർഗങ്ങൾ ഉപയോഗിച്ച് ഉറുമ്പുകളെയും പാറ്റയുമൊക്കെ തുരത്താൻ കഴിയും. അവ ഏതൊക്കെയാണെന്ന് നോക്കാം.
കറുവപ്പട്ട
പൊതുവെ കറികൾക്ക് നല്ല മണവും രുചിയും ലഭിക്കാൻ വേണ്ടിയാണ് കറുവപ്പട്ട ഉപയോഗിക്കുന്നത്. പക്ഷെ ഇതേ കറുവപ്പട്ടയുടെ പൊടി ഉപയോഗിച്ചാൽ ഉറുമ്പുകളെ തുരത്താൻ കഴിയും. കാരണം ഇതിന്റെ മണം തന്നെയാണ്. പാറ്റകൾക്കും കറുവപ്പട്ടയുടെ മണം സഹിക്കാൻ പറ്റില്ല. അടുക്കളയിലും, വീടിന്റെ ക്ലോസറ്റുകളുടെ കോണുകൾ, വാതിലിന്റെ മൂലകൾ, വാതിൽ ഉമ്മറപ്പടി, ജനലിന്റെ മൂല, അടുക്കളയുടെ മൂല എന്നിവയിൽ എല്ലാ അൽപ്പം കറുവപ്പട്ട പൊടിച്ചിടുന്നത് ഗുണം ചെയ്യും. ദിവസത്തിൽ രണ്ടു തവണയെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്.
കുരുമുളകുപൊടി
വീടിനുള്ളിൽ ഉറുമ്പും പാറ്റയും വരുന്ന സ്ഥലങ്ങളിലെല്ലാം ഈ കുരുമുളകുപൊടി വിതറുക. പ്രത്യേകിച്ച് അടുക്കളയിൽ ഉറുമ്പും പാറ്റയും കൂടുതലായതിനാൽ ഈ കുരുമുളകുപൊടി അടുക്കളയുടെ കോണുകളിലും ജനലുകളിലും വാതിലുകളിലും വിതറിയാൽ മാസങ്ങൾ കഴിഞ്ഞാലും പാറ്റയും ഉറുമ്പും വരാനുള്ള സാധ്യത കുറവാണ്. കാരണം ഈ കുരുമുളകുപൊടിയുടെ മണം തന്നെയാണ്. അതിനാൽ കുരുമുളക് പൊടി വിതറിയാൽ ഇത്തരം ജീവികൾക്ക് അധികം നേരം ഇത് സഹിക്കാൻ പറ്റില്ല.
നാരങ്ങ
ചെറിയൊരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിൽ പകുതി നാരങ്ങയുടെ നീര് കലർത്തി, ഈ നാരങ്ങാനീര് കലക്കിയ വെള്ളം ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിലെല്ലാം തളിക്കുക. നാരങ്ങയ്‌ക്ക് അസിഡിറ്റി ഗുണങ്ങളും അസിഡിറ്റി മണവും ഉള്ളതിനാൽ ഉറുമ്പുകൾക്ക് അധിക നേരം ഇത് സഹിക്കാൻ കഴിയില്ല എന്നതാണ് സത്യം. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറുമ്പുകളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും.
കർപ്പൂര ഗുളികകൾ
കർപ്പൂര ഗുളികകൾ വെള്ളത്തിൽ ലയിപ്പിക്കുക. ശേഷം ഈ വെള്ളം പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ തളിക്കുക. ഇത് ദിവസവും ചെയ്യുന്നത് പാറ്റയെ തുരത്താൻ ഏറെ സഹായിക്കും. ചിലവ് കുറഞ്ഞ മാർഗം കൂടിയാണിത്.
















Comments