എറണാകുളം: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ രണ്ടാം പ്രതിയാക്കിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസിൽ അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന അന്വേഷണ സംഘം ഇക്കാര്യത്തിൽ നിയമോപദേശം തേടിയെന്നാണ് ലഭിക്കുന്ന വിവരം.
പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് മോൻസൻ പരാതിക്കാരിൽ നിന്നും പണം തട്ടിയത്. ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനായുള്ള നീക്കങ്ങൾ നടത്താൻ എന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ആവശ്യപ്പെടുകയും സുധാകരൻ നൽകിയ ഉറപ്പിന്മേൽ ആ തുകയും നൽകുകയായിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ പണം വിട്ടുകിട്ടാനുള്ള തടസ്സങ്ങൾ നീക്കിത്തരമെന്ന് ഉറപ്പുനൽകിയതായും അത് വിശ്വസിച്ചാണ് രണ്ടാമതും തങ്ങൾ പണം നൽകിയതെന്നും പരാതിക്കാർ പറയുന്നു. രണ്ടാമത് നൽകിയ 25 ലക്ഷത്തിൽ നിന്നും 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്നും പരാതിക്കാർ ആരോപിക്കുന്നു.
എന്നാൽ മോൻസണുമായി സാമ്പത്തിക ഇടപാടില്ലെന്നാണ് കെപിസിസി അദ്ധ്യക്ഷന്റെ വാദം. മോൻസൻ തട്ടിപ്പിനായി തന്റെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും മോൻസണുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുമായിരുന്നു സംഭവം വിവാദമായതിന് പിന്നാലെ 2021 സെപ്റ്റബർ 29 ന് സുധാകരൻ പറഞ്ഞത്. കണ്ണു ചികിത്സയ്‌ക്ക് അഞ്ച് തവണ മോൻസന്റെ അടുത്ത് പോയിട്ടുണ്ടെങ്കിലും ഫലമില്ലെന്നു കണ്ടതോടെ നിർത്തിയെന്നും സുധാകരൻ പറഞ്ഞിരുന്നു.
















Comments