എറണാകുളം: വൈക്കം ശ്രീ മഹാദേവ ക്ഷേത്രക്കുളത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കർശന നിർദേശം നൽകി കേരളാ ഹൈക്കോടതി. കോടതിയുടെ നിർദ്ദേശപ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ട് ആണ് കോടതി പരിഗണിച്ചത് . ഈ റിപ്പോർട്ട് പ്രകാരം ഗോശാലയിൽ നിന്നും ഭക്ഷണശാലയിൽനിന്നുമുള്ള ഡ്രെയിനേജ് ക്ഷേത്രക്കുളത്തിലേക്ക് ഒഴുകുന്നുണ്ടെന്ന് വ്യക്തമാകുന്നു. ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് കോടതി നിർദ്ദേശം നൽകി.
ഇത് കൂടാതെ വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളുടെയും കാളകളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വത്തിന് ഹൈക്കോടതി നിർദ്ദേശം. അവയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ക്ഷേത്രത്തിലെ ഗോശാലയിൽ പശുക്കളെ വേണ്ട രീതിയിൽ പരിപാലിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. വൈക്കം ക്ഷേത്രത്തിലെ ഗോശാലയിലെ നാല് കാളകളെയും മൂന്ന് പശുക്കളെയും വായു സഞ്ചാരമില്ലാത്തതും വൃത്തിഹീനമായ സ്ഥലത്തുമാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കോടതി നിയോഗിച്ച വെറ്റിനറി ഡോക്ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ക്ഷേത്രമാലിന്യം തള്ളുന്ന സ്ഥലത്തിനടുത്താണ് ഗോശാലയെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലുള്ള ഷെഡ് പരിഷ്‌കരിക്കുകയോ അല്ലെങ്കിൽ പുതിയത് നിർമ്മിക്കുകയോ ചെയ്യണമെന്നും സീനിയർ സർജൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തിരുവിതാകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയത്. 07.06.2023 ൽ സീനിയർ വെറ്ററിനറി സർജൻ സമർപ്പിച്ച റിപ്പോർട്ടും , സീനിയർ ഗവൺമെന്റ് പ്ലീഡർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മീഷണർ, അഡ്വക്കേറ്റ് കമ്മീഷണർ എന്നിവർ ഈ വിഷയത്തെക്കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടുകളും പരിഗണിച്ചാണ് ദേവസ്വം ബോർഡ് ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത്.
ക്ഷേത്രകുളത്തിലേക്ക് മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച വിഷയവും കോടതി പരിഗണിച്ചു. ഗോശാലയിൽ നിന്നും ഭക്ഷണശാലയിൽ നിന്നുമുള്ള മാലിന്യം ക്ഷേത്രക്കുളത്തിലേക്ക് ഒഴുകുന്നതിന് ഇടയാകുന്നുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രശ്നം ശാശ്വതമായി പരിഗണിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Comments