നിതീഷ് കുമാർ കാബിനറ്റിലെ മന്ത്രി സന്തോഷ് കുമാർ സുമൻ രാജി വച്ചു. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകനാണ് രാജിവച്ച സന്തോഷ് കുമാർ. രാജിയെന്ന തീരുമാനത്തിലേക്ക് നയിച്ച കാരണവും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഹിന്ദുസ്ഥാനി അവാം മോർച്ചയോട് (എച്ച്എഎം) ജെഡിയുവിൽ ലയിക്കണമെന്ന് നിതീഷ് കുമാർ സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പിതാവ് മാഞ്ചിയോടൊപ്പം എത്തിയാണ് സന്തോഷ് കുമാർ മന്ത്രിപദവി രാജി വെച്ചത്. നിതീഷ് കുമാർ മന്ത്രിസഭയിൽ എസ്‌സി/എസ്ടി ക്ഷേമകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. സ്വന്തം പാർട്ടിയുടെ നിലനിൽപ്പിന് വേണ്ടിയാണ് താൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചതെന്നും സന്തോഷ് കുമാർ പ്രതികരിച്ചു. സിംഹം എപ്പോഴും മാനിനെ ആഹാരമാക്കാൻ ശ്രമിക്കുക തന്നെ ചെയ്യുമെന്ന ഉപമയും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് വേണ്ടി ബിഹാറിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാൻ തയ്യാറായാണ് എച്ച്എഎം മുന്നോട്ട് പോകുന്നത്. അതിനാൽ ജെഡിയുവുമായി ലയിക്കുന്ന വിഷയത്തിന്മേൽ ഇനി യാതൊരു ചർച്ചയ്‌ക്കും തയ്യാറല്ലെന്ന് സന്തോഷ് കുമാർ അടിവരയിട്ട് പറഞ്ഞു. നിലവിൽ എച്ച്എഎമ്മിന് നാല് എംഎൽഎകളാണ് സംസ്ഥാനത്തുള്ളത്.
















Comments