എറണാകുളം: കിം ജോംഗ് ഉന്നിന്റെ നാട് പോലെ നമ്മുടെ നാടും ആവണം എന്നാണ് പിണറായി ആഗ്രഹിക്കുന്നതെന്ന് അഡ്വ.എ ജയശങ്കർ. പരീക്ഷ എഴുതാതെ ജയിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയും വ്യാജരേഖ സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച എസ്എഫ്‌ഐ നേതാവ് കെ. വിദ്യയും മഹാരാജാസ് കോളേജ് എന്ന ബൊളീവിയൻ കാട്ടിലെ വിപ്ലവ തീപ്പന്തമാണെന്ന് അദ്ദേഹം പരിഹസിച്ചു. പിണറായി സർക്കാരിന്റെ മാദ്ധ്യമവേട്ടയ്‌ക്കെതിരെ എറണാകുളത്ത് ഫോറം ഫോർ പ്രസ്സ് ഫ്രീഡം സംഘടിപ്പിച്ച സംവാദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരീക്ഷ നടന്നതോ ഫലം വന്നതോ അറിയാതെയാണ് എസ്എഫ്‌ഐ സെക്രട്ടറി വിജയം കരസ്ഥമാക്കിയത്. പരീക്ഷഫലം വന്നതൊന്നും വിപ്ലവകാരി ആർഷോ അറിഞ്ഞില്ല എന്നാണ് പറയുന്നത്.മഹാരാജാസ് ബൊളീവിയൻ കാടുകൾ ആയി കണ്ടു ഒളിയുദ്ധം ചെയ്യുന്ന ആർഷോക്ക് ഇതൊക്കെ അറിയാൻ എവിടെ സമയം. അപ്പോൾ പരീക്ഷ പോലും എഴുതാതെ താൻ പാസ്സായതിൽ ആർഷോയെ കുറ്റം പറയാൻ പറ്റുമോ. മഹാരാജാസ് കോളേജ് എന്ന ബൊളീവിയൻ കാട്ടിലെ വിപ്ലവ തീപ്പന്തം ആയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സാധാരണ നിലക്ക് പരാതി കൊടുക്കേണ്ടത് സ്ഥലം സ്റ്റേഷനിലെ എസ്‌ഐയ്‌ക്കോ സിഐയ് ക്കോ ആണ്. പക്ഷെ അദ്ദേഹം നേരെ പരാതി കൊടുക്കുന്നത് സംസ്ഥാന പോലീസ് മേധാവിയ്‌ക്കാണ്.
ഐപിഎസി അല്ല പിസിസി-പിണറായി പീനൽ കോഡ് പിന്തുടരുന്ന പോലീസ് മേധാവി അത് ഉടനടി സെൻട്രൽ പോലീസ് സിഐയ്‌ക്ക് കൈമാറി നടപടി എടുക്കാൻ ആവശ്യപ്പെട്ടു. കുറ്റവാളിയെ സംരക്ഷിച്ച് മഹാരാജാസ് കോളേജിലെ ചരിത്ര അദ്ധ്യാപകൻ വിനോദ്, പ്രിൻസിപ്പൽ. ഡോ. ജോയ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. നിരപരാധിയും സാത്വികനുമൊക്കയായ ആർഷോയെ, ആർഷോ പറയാതെ ജയിപ്പിച്ചത് ഇവരാണ് എന്നതാണ് കേസ്. അത് വഴി എസ്എഫ്‌ഐയെ അപമാനിക്കൽ, തദ്വാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സർക്കാരിനെയും അപമാനിച്ചു എന്നതാണ് പരാതി’-ജയ്ശങ്കർ പറഞ്ഞു.
പരീക്ഷ എഴുതാത്ത എന്നെ പാസ്സാക്കി എന്ന പരാതിയും ആർഷോ ഉന്നയിച്ചു. വാർത്ത പൊതുജനങ്ങളെ അറിയിച്ച മാദ്ധ്യമ പ്രവർത്തകയും അതിൽ പ്രതിയായി.
ഇനി ചാനലിനെ പ്രതിയാകും. വാർത്ത കണ്ടവരെയും ഉടനെ പ്രതിയാക്കും. ഇതൊക്കെയാണ് ഇവരുടെ ആഗ്രഹമെന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയ്‌ക്ക് ഭരണഘടനയുള്ളത് കൊണ്ടും നമ്മുടെ നാട് സ്റ്റാലിൻ ഭരിക്കുന്ന രാജ്യം അല്ലാത്തതുകൊണ്ടും ഇതൊന്നും നടക്കില്ല. അല്ലെങ്കിൽ സ്റ്റാലിന്റെ കാലത്തേ പോലെ സൈബീരിയയിലേക്ക് നാട് കടത്തും. കിം ജോംഗ് ഉൻ ന്റെ നാട് പോലെ നമ്മുടെ നാടും ആവണം എന്നാണ് പിണറായി ആഗ്രഹിക്കുന്നത്- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങൾ മാത്രമല്ല ജനങ്ങളും ചോദ്യങ്ങൾ ചോദിക്കുമെന്നു അതാണ് ജനാധിപത്യമെന്നും ഡോ.കെഎസ് രാധാകൃഷ്ണൻ പറഞ്ഞു. വോട്ട് ചെയ്യുന്നവരുടെ അവകാശമാണ് ചോദ്യങ്ങൾ ഉന്നയിക്കുക എന്നത്. അവിടെ പണ്ടത്തെ പാർട്ടി സെക്രട്ടറിയുടെ ധാർഷ്ട്യമല്ല കാണിക്കേണ്ടത്. പാർട്ടിക്കുള്ളിലെ അണികളുടെ അടിമ ബോധം ജനങ്ങളിലും വേണമെന്നാണ് പിണറായി വിജയന്റെ നിലപാട്. ചോദ്യം ചോദിക്കേണ്ട വേളകളിൽ പാർട്ടി അടിമത്തം പേറുന്ന ചാനലുകളെ കൊണ്ടും മാദ്ധ്യമങ്ങളെ കൊണ്ടും ചോദിക്കുന്ന സ്പോൺസേർഡ് ചോദ്യങ്ങൾക്ക് മാത്രം നേരത്തെ തയാറാക്കിയ ഉത്തരം കൊടുക്കും- അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം,മത സ്വാതന്ത്ര്യം, മാദ്ധ്യമ സ്വാതന്ത്ര്യം-ഇവ മൂന്നും കമ്മ്യൂണിസത്തിൽ ഇല്ല. ആത്മീയ പാരമ്പര്യം, സംസ്‌കാരിക പാരമ്പര്യം സാഹിത്യ പാരമ്പര്യം ഇതെല്ലം തകർന്ന റഷ്യയിൽ തഴച്ച് വളർന്നത് കമ്മൂണിസം ആയിരുന്നു. ഓർത്തോഡോക്‌സ് ക്രസന്റം, സാംസ്‌കാരിക നായകർ, എഴുത്തുകാർ മാക്‌സിം ഗോർക്കി പോലെ ഉള്ളവർ അതിന് ഉദാഹരണം. എവിടെയെല്ലാം കമ്മൂണിസം ഉണ്ടോ അവിടെയെല്ലാം മേൽപറഞ്ഞത് പോലെയുള്ള കാരണങ്ങൾ കൊണ്ട് ആ നാടിന്റെ അന്തസ്സത്ത നശിച്ചു പോകും. അതിന് ഉത്തമ ഉദാഹരണമാണ് ചൈന. എത്രയോ ദാർശനികന്മാർ ഉണ്ടായ നാടാണ്. എത്ര ആഴത്തിൽ ഉള്ള പരമ്പര്യം ആണ് ചൈനയ്‌ക്കുള്ളത്.എന്നാൽ കമ്യൂണിസം എന്ന വിപത്താണ് ചൈനയെ തകർത്തതെന്നും അദ്ദേഹം പറഞ്ഞു.
റിട്ട.കേരള ഹൈകോടതി ജഡ്ജി പിഎൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെഎസ് രാധാകൃഷ്ണൻ, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എംആർ.ഹരികുമാർ എന്നിവർ സംസാരിച്ചു. എംആർ. കൃഷ്ണകുമാർ സ്വാഗതവും കെഎൻ ദേവകുമർ കൃതജ്ഞതയും രേഖപ്പെടുത്തി.
















Comments