സമ്മാനം ആഗ്രഹിക്കാത്തവരുണ്ടാകില്ലാ അല്ലേ. സർപ്രൈസ് ഗിഫ്റ്റും വില കൂടിയ സമ്മാനങ്ങളുമൊക്ക ആഗ്രഹിക്കുകയും സ്വന്തമാക്കുകയും കൊടുക്കുന്നവരുമൊക്കെയാണ് നമ്മൾ. കൈവശമിരിക്കുന്ന സമ്പത്തും സമ്മാനമായി നമ്മൾ പങ്കുവെയ്‌ക്കാറുണ്ട്. എന്നാൽ ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കുമ്പോഴും നൽകുമ്പോഴും നികുതി ബാദ്ധ്യത വരാൻ സാദ്ധ്യതയുണ്ട്. സമ്മാനങ്ങൾ കൊടുക്കൽ -വാങ്ങൽ നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അറിയാതെ പോയാൽ ഒരു പക്ഷേ നികുതി ബാദ്ധ്യത വരാൻ സാദ്ധ്യതയുണ്ട്.
നികുതി ഭാരമുള്ള സമ്മാനമോ? കറൻസിയിൽ സ്വീകരിക്കുന്ന പണം, ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക്, ബാങ്ക് ട്രാൻസ്ഫർ, യുപിഐ പേയ്‌മെന്റ്, സ്ഥാവര സ്വത്തുക്കളായ ഭൂമി, കെട്ടിടം, താമസത്തിനോ വാണിജ്യാവശ്യത്തിനോ ഉള്ള സ്വത്തുക്കൾ, ജംഗമ സ്വത്തുക്കളായ സ്വർണാഭരണം, ഓഹരി, കടപ്പത്രം, പെയിന്റിംഗ്, ശിൽപങ്ങൾ, പുരാതന നാണയങ്ങൾ തുടങ്ങിയവയ്‌ക്കാണ് നികുതി നൽകേണ്ടത്.
വീട് പങ്കാളിയ്‌ക്ക് സമ്മാനിക്കുകയാണെങ്കിൽ കൈമാറ്റം ചെയ്യപ്പെട്ട വീടിന്റെ ഉടമയായി നിങ്ങളെ കണക്കാക്കുന്നതിനാൽ, അതിൽ നിന്നും ലഭിക്കുന്ന ഏത് വാടക വരുമാനത്തിനും നികുതി ബാദ്ധ്യതയുണ്ടാകും. ഒരാളിൽ നിന്ന് മാത്രമായി അല്ലെങ്കിൽ പോലും സാമ്പത്തിക വർഷത്തിനിടെ 50,000 രൂപയിലധികം സമ്മാനമായി ലഭിക്കുന്നുണ്ടെങ്കിൽ മൊത്തം തുകയിലും നികുതി ബാദ്ധ്യതയുണ്ടാകും. ആഭരണം, ഓഹരി, ചിത്രചന. ശിൽപം, അമൂല്യ ലോഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളുടെ ന്യായമായ വിപണി മൂല്യം 50,000 രൂപയിൽ കവിയുന്നുണ്ടെങ്കിൽ നികുതി ബാദ്ധ്യതയുണ്ട്. സമ്മാനമായി ലഭിച്ച സ്ഥാവര സ്വത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ട് മൂല്യം 50,000 രൂപ കവിഞ്ഞാൽ നികുതി അടയ്‌ക്കേണ്ടതാണ്.
നികുതി വേണ്ടാത്തവ:-
വിവാഹ വേളയിൽ സ്ത്രീയ്‌ക്കും പുരുഷനും ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി ബാദ്ധ്യതയില്ല. എന്നാൽ വിവാഹ ചടങ്ങുകൾക്കിടെ വധുവിന്റെയും വരന്റെയും മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി ഇളവില്ല.
അനന്തരവകാശമായോ ഇഷ്ടദാനമായോ ലഭിക്കുന്ന ധനപരവും വസ്തുവകകളുമായ സമ്മാനങ്ങൾക്ക് നികുതി ഭാരമില്ല. അസുഖം ബാധിച്ച് മരണാസന്നനായ വ്യക്തിയോ ഒസ്യത്തായി കൊടുക്കുന്ന സമ്മാനങ്ങൾക്കും നികുതി ബാദ്ധ്യതയില്ല. പരിധിയില്ലാതെയും നികുതി ബാദ്ധ്യതയില്ലാതെയും സമ്മാനം സ്വീകരിക്കാവുന്ന ബന്ധുക്കളുമുണ്ട്. ജീവിത പങ്കാളി, സഹോദരനോ സഹോദരിയോ, പങ്കാളിയുടെ സഹോദരനോ സഹോദരിയോ, മാതാപിതാക്കളുടെ സഹോദരനോ സഹോദരിയോ, മുൻഗാമികൾ, പങ്കാളിയുടെ മുൻഗാമികൾ, മേൽസൂചിപ്പിച്ചവരുടെ പങ്കാളി, ഹിന്ദു അവിഭക്ത കുടുംബമാണെങ്കിൽ എല്ലാ അംഗങ്ങളേയും ബന്ധുക്കളായി കണക്കാക്കും.
Comments