മുംബൈ: പ്രഭാസ് നായകനാകുന്ന ആദിപുരുഷ് വെള്ളിയാഴ്ച പ്രദർശനത്തിന് എത്തുകയാണ്. രാജ്യത്തെ ഒന്നാംനിര തിയറ്ററുകളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുപോയതായാണ് റിപ്പോർട്ട്. ചിലതിയറ്ററുകളിൽ 2000 രൂപ നിരക്കിൽ ടിക്കറ്റുകൾ വിൽക്കുന്നതായാണ് റിപ്പോർട്ട്. ഈ ടിക്കറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്. ദില്ലിയിലെ പിവിആറിലെ വെഗാസ് ലക്സ്, ദ്വാരക എന്നിവിടങ്ങളിൽ 2000 നിരക്കിലാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. നോയിഡയിലെ പിവിആർ സെലക്ട് സിറ്റി വാക്ക് ഗോൾഡിലെ 1800 രൂപയുടെ ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നു എന്നാണ് വിവരം.
നോയിഡയിൽ പിവിആർ ഗോൾഡ് ലോജിക്‌സ് സിറ്റി സെന്ററിൽ 1650 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. അതേ സമയം മറ്റ് തീയറ്ററുകളിൽ 250 രൂപവരെയുള്ള ടിക്കറ്റുകളും ലഭ്യമാണ്. മുംബൈയിൽ മാൻഷൻ പിവിആറിൽ ഷോകൾക്കും 2000 രൂപ നിരക്കിൽ ടിക്കറ്റ് ലഭിക്കും. കൊൽക്കത്തയിലും ബാംഗ്ലൂരിലും സമാനമായ രീതിയിൽ മാത്രമാണ് നിലവിൽ ടിക്കറ്റുകളുള്ളത്.
ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഇത്രയധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രം ആദിപുരുഷാണ്. രാമായണം പശ്ചാത്തലമാക്കുന്ന എപിക് മിത്തോളജിക്കൽ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഓം റാവത്ത് ആണ്. ചിത്രത്തിൽ പ്രഭാസാണ് രാമനായി എത്തുന്നത്. സെയ്ഫ് അലിഖാൻ ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യൻ ചിത്രം കൂടിയാണ് ആദിപുരുഷ്.
റിലീസിന് മുൻപ് തന്നെ മുടക്കുമുതലിന്റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ടുകൾ. 500 കോടി നിർമ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചതായാണ് റിപ്പോർട്ട്. തെന്നിന്ത്യയിൽ നിന്നുമാത്രം തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടി.
Comments