ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ ഡിഎംകെ ഇരവാദം മുഴക്കേണ്ടതില്ലെന്നും അഴിമതിക്കാർക്കെതിരെ നടപടി സ്വാഭാവികമാണെന്നും ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. അറസ്റ്റ് ബിജെപിയുടെ പ്രതികാര നടപടിയാണെന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണത്തിന്, മുൻപ് സെന്തിൽ അഴിമതിക്കാരനാണെന്ന് പറയുന്ന സ്റ്റാലിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അണ്ണാമലൈയുടെ മറുപടി.
‘സ്റ്റാലിനും ഡിഎംകെയും നിലനിൽപ്പിനായി ഇരവാദം മുഴക്കുകയാണ്. അഴിമതിക്കാർക്കെതിരെ നിയമനടപടി സ്വാഭാവികമാണ്. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കെ കണ്ടക്ടർ ഉൾപ്പടെ സർക്കാർ സർവ്വീസിൽ ജോലി നൽകുന്നതിന് സെന്തിൽ ബാലാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് ഈ നടപടി. വിവിധ സമയങ്ങളിലെ നിയമനടപടികൾക്കൊടുവിൽ സെന്തിലിനെതിരെ തുടർനടപടി സ്വീകരിക്കാൻ സുപ്രീംകോടതി അനുവാദം നൽകിയിട്ടുണ്ടെന്ന്’-അണ്ണാമലൈ പറഞ്ഞു
മുൻപ് എതിർ ചേരിയിലായിരുന്നപ്പോൾ സെന്തിൽ ബാലാജി അഴിമതിക്കാരനാണെന്നും, സെന്തിലും സഹോദരനും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞിട്ടുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. സ്റ്റാലിൻ സെന്തിലിനെതിരെ പറയുന്ന പഴയ വീഡിയോ അണ്ണാമലൈ ട്വീറ്റ് ചെയ്തിട്ടുണ്ട് . സെന്തിലിന്റെ നെഞ്ചുവേദനയും, ഡിഎംകെയുടെ ഇരവാദവും ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു
അഴിമതിക്കേസിൽ തമിഴ്നാട് വൈദ്യുതിമന്ത്രി വി സെന്തിൽ ബാലാജിയുടെ അറസ്റ്റിനെത്തുടർന്ന് നാടകീയ രംഗങ്ങളാണ് ചെന്നൈയിൽ അരങ്ങേറിയത്. അറസ്റ്റ് ബിജെപിയുടെ പ്രതിപ്രകാര നടപടിയാണെന്ന് സെന്തിലിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു. കൂടാതെ 2024 ൽ ജനങ്ങൾ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെയായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
















Comments