എറണാകുളം: അവയവദാന വിഷയത്തിൽ വിശദീകരണവുമായി ലേക്ഷോർ ആശുപത്രി അധികൃതർ. ഡോക്ടർമാർക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്‌ക മരണ സർട്ടിഫിക്കറ്റ് തെറ്റായി നൽകിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണെന്ന് വിപിഎസ് ലേക്ഷോർ ആശുപത്രി അധികൃതർ. ആശുപത്രി മുമ്പും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നുള്ള പോലീസ് റിപ്പോർട്ടിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.
13.5 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഒരു സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ സത്യാവസ്ഥ ബോധ്യപ്പെടാൻ അന്വേഷണത്തിന് ഉത്തരവിടുകയാണ് കോടതി ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു. കോതമംഗലത്ത് നിന്നും അബിനെ ലേക്ക്‌ഷോറിൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു.
രണ്ട് കൃഷ്ണമണികൾ വികസിച്ച അവസ്ഥയിലായിരുന്നു. ആവർത്തിച്ചുള്ള സിടി സ്‌കാനുകളിൽ തലയ്‌ക്ക് സാരമായ പരിക്കേറ്റതായും കാണിച്ചതായി അധികൃതർ അറിയിച്ചു. ന്യൂറോ സർജന്റെ പരിശോധനയിൽ മസ്തിഷ്‌ക ക്ഷതം ഗുരുതരമാണെന്ന് തെളിഞ്ഞു. തുടർന്ന് രോഗിയുടെ അവസ്ഥ ബന്ധുക്കളോട് കൃത്യമായി വിശദീകരിച്ചുവെന്നും ലേക്ഷോർ ആശുപത്രി അധികൃതർ വിശദീകരണത്തിൽ പറഞ്ഞു.
















Comments