ബൊഗോത്ത: ആമസോൺ കാട്ടിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന നായയ്‌ക്കായി തിരച്ചിൽ തുടരുന്നു. വിൽസൺ എന്ന ജെർമൻ ഷഎപ്പേർഡ് നായയ്‌ക്കായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വിമാനം തകർന്ന് കാട്ടിലകപ്പെട്ട നാലുകുട്ടികളെ തിരയുന്നതിനായുള്ള ദൗത്യസംഘത്തിൽ വിൽസണും പ്രധാനിയായിരുന്നു.
മെയ് 18-നാണ് അവസാനമായി വിൽസണെ കണ്ടതെന്ന് ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. തിരച്ചിൽസംഘം എത്തുന്നതിന് മുൻപേ വിൽസൺ കുട്ടികളുടെ അടുത്ത് എത്തിയിരുന്നു. കുട്ടികൾക്കൊപ്പം വിൽസൺ നാലു ദിവസത്തോളം ഉണ്ടായിരുന്നുവെന്നും അവൻ വളരെ ക്ഷീണിതനായാണ് കാണപ്പെട്ടതെന്ന് കുട്ടികൾ പറഞ്ഞതായും കൊളംബിയൻ സൈനിക വക്താവ് പെഡ്രോ അർനുൽഫോ സാഞ്ചസ് സുവാരസ് പറഞ്ഞു. വിൽസണെ കണ്ടെത്തുക എന്നതാണ് ഇപ്പോൾ കൊളംബിയൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യം.”ഞങ്ങൾ ഒരിക്കലും വിൽസണെ ഉപേക്ഷിക്കില്ല. ആ നാലു കുട്ടികളെ പോലെ തന്നെ പ്രധാനപ്പെട്ടയാളാണ് അവനും. പക്ഷേ, ആമസോൺ കാട്ടിൽ നിന്ന് അവനെ കണ്ടെത്തുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്ക് അറിയാം’- സുവാരസ് പറഞ്ഞു. നായയെ കണ്ടെത്തുന്നത് വരെ ഓപ്പറേഷൻ തുടരുമെന്ന് കൊളംബിയൻ ജനറൽ ഹെൽഡർ ഗിരാൾഡോ പറഞ്ഞിരുന്നു.
തങ്ങളുടെ ‘സഹപ്രവർത്തകനെ’ കാട്ടിൽ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയാണ് സൈന്യം തിരച്ചിൽ തുടരുന്നത്. നായയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള ഹാഷ് ടാഗുകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. വിൽസണെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊളംബിയൻ തെരുവുകളിൽ പോസ്റ്ററുകളും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നായയുടെ പരിശീലകൻ ക്രിസ്റ്റൻ ഡേവിഡ് ഉൾപ്പെടെ 70 സൈനികരാണ് നായയെ കണ്ടെത്താനുള്ള ദൗത്യത്തിലുള്ളത്. വിൽസണെ കണ്ടെത്താതെ കാട്ടിൽ നിന്ന് മടങ്ങില്ലെന്നാണ് പരിശീലകൻ പറയുന്നത്.
കുട്ടികൾ ഉപേക്ഷിച്ച പാൽ കുപ്പി കണ്ടെത്തിയത് വിൽസണായിരുന്നു. ആമസോൺ കാടുകളിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണമാകാം വിൽസൺ സംഘത്തിൽ നിന്ന് വിട്ടുപോയതെന്നാണ് കരുതുന്നത്. തിരച്ചിൽ സംഘം കുട്ടികളെ കണ്ടെത്തുന്നതിന് മുൻപ് തന്നെ വിൽസൺ കുട്ടികളുടെ അടുത്തെത്തിയിരുന്നു. കുറച്ച് ദിവസം അവർക്കൊപ്പം കഴിഞ്ഞിരുന്നു. പിന്നീട് വിൽസൺ അപ്രത്യക്ഷനാവുകയായിരുന്നു. ജൂൺ എട്ടിനാണ് 40 മീറ്റർ മാത്രം അകലെ നിന്നും നായയെ അവസാനമായി കണ്ടത്. സേനാംഗം അവനെ അടുത്തേക്ക് വിളിച്ചെങ്കിലും ഭയന്ന് നിലയിൽ കാണപ്പെട്ട അവർ കാട്ടിനുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു. സൈനിക ശിക്ഷണത്തിൽ അനുസരണയോടെ വളർന്ന അത്തരത്തിൽ വിചിത്രമായി പ്രതികരിച്ചതിന് പിന്നിൽ ദുരുഹതയേറുന്നുവെന്നാണ് സേന പറയുന്നത്.
















Comments