മാമ്മല്ലപുരം അഥവാ മഹാബലിപുരം തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലുള്ള യുനെസ്‌കോ അംഗീകരിച്ച പൈതൃകസമ്പത്തുള്ള സ്ഥലമാണ്. ഏഴ്-എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിതമായ ഹൈന്ദവ ശിൽപ്പങ്ങളും ക്ഷേത്രങ്ങളുമാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. കരിങ്കൽ ശിൽപ്പങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും കടൽത്തീരവും അനേകായിരം കഥകൾ മന്ത്രിക്കുന്ന കലാനഗരമാണ് മഹാബലിപുരം എന്ന് വേണമെങ്കിൽ പറയാം. കല്ലിൽ കൊത്തിയെടുത്ത ശിൽപചാതുര്യം വശ്യമനോഹാരിത നിറഞ്ഞ പട്ടണം കൂടിയാണിത്. തമിഴ്‌നാട്ടിലെ ഏറെ പഴക്കമേറിയ ഒരു തുറമുഖ നഗരമായ കാഞ്ചീപുരമെന്ന മഹാബലിപുരം സമുദ്ര നിരപ്പിൽ നിന്നും 12 കിലോമീറ്റർ ഉയർന്ന തീര നഗരം എന്ന പ്രത്യേകത കൂടി വഹിക്കുന്നുണ്ട്.
പല്ലവ രാജഭരണകാലത്ത് നിലനിന്നിരുന്ന രണ്ട് തുറമുഖ നഗരങ്ങളിൽ ഒന്നാണ് മഹാബലിപുരം. മഹാബലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നരസിംഹവർമ്മൻ ഒന്നാമന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഭരണകാലയളവിൽ മഹാബലിപുരം അതിന്റെ സാമ്പത്തിക അഭിവൃദ്ധിക്കൊപ്പം തന്നെ പാറക്കല്ലിൽ തീർത്ത ജീവനുള്ള ശിൽപ്പങ്ങളും പ്രസിദ്ധമായി. മാമല്ലപുരം എന്നറിയപ്പെടുന്നതിനാൽ പല്ലവ രാജാവായിരുന്ന മാമല്ലന്റെ പേരിലാണ് സ്മരിക്കപ്പെടുന്നത് എന്ന ചരിത്രവും പറയപ്പെടുന്നു. ഏഴാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിക്കപ്പെട്ടതാണ് നഗരവും ഇതിലെ വിസ്മയങ്ങളുമെന്ന് കരുതപ്പെടുന്നു. ചെന്നൈയിൽ നിന്ന് 60 കിലോമാറ്റർ ദൂരത്തിലാണ് മാമല്ലപുരം എന്നറിയപ്പെടുന്ന മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.
മഹാബലിപുരത്തെ വിസ്മയകാഴ്ചകൾ….
തിരുക്കടൽ മല്ലൈ
ശിൽപ്പ നഗരിയിലെത്തുമ്പോഴുള്ള ആദ്യ കാഴ്ച തിരുക്കടൽ മല്ലൈ എന്നറിയപ്പെടുന്ന ക്ഷേത്രമാണ്. ശിൽപങ്ങൾ കടൽക്കാറ്റ് ഏറ്റും കൊടും വെയിൽ കൊണ്ടും നശിച്ചു പോകാതിരിക്കുന്നതാനായി രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രമാണിത്. തിരുക്കടൽ മല്ലൈ ഒരു ശിവ ക്ഷേത്രമാണ്. മറ്റൊരു പ്രധാനക്ഷേത്രം സ്ഥലശയന പെരുമാൾ ക്ഷേത്രമാണ്. 6-9 നൂറ്റാണ്ടുകളിലെ ആൾവാർ സന്യാസിമാരുടെ ദിവ്യ പ്രബന്ധത്തിൽ പ്രകീർത്തിക്കുന്ന ക്ഷേത്രമാണ് ഇത്.
വെണ്ണക്കൽ
ഉണ്ണിക്കണ്ണന്റെ കൈയ്യിൽ ഉയർന്നു നിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വലിയ ഉരുളൻ കല്ലാണ് ഇത്. ഉരുണ്ട് താഴേക്ക് വീഴുമോ എന്ന് തോന്നിക്കും വിധമാണ് കൂറ്റൻ പാറക്കല്ല് നിൽക്കുന്നത്. ഇവിടെ പാറയുടെ തണൽ തേടി നിൽക്കുന്നവരെയും ഒപ്പം പാറ തള്ളി നീക്കാൻ ശ്രമിക്കുന്നതായും താങ്ങി നിർത്താൻ ശ്രമിക്കുകയാണെന്നുമുള്ള തരത്തിൽ ചിത്രങ്ങൾ പകർത്തുന്നവരെയും കാണാം.
പഞ്ചരഥങ്ങൾ
പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ രഥങ്ങളും ഇവിടെ കാണാൻ സാധിക്കും. യുധിഷ്ഠിരന് വേണ്ടി ഒരു വിലയ രഥവും പാഞ്ചാലിക്ക് വേണ്ടി ഒരു ചെറിയ രഥവും നകുലനും സഹദേവനുമായി ഒരു രഥവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ കാവൽ നിൽക്കുന്ന നന്ദികേശന്റെയും മൃഗരാജാവിന്റെയും ശിൽപ്പങ്ങളും കാണാം.
ഗണേശമണ്ഡപം
മഹാബലിപുരം സന്ദർശിക്കാൻ എത്തുന്നവർക്കുള്ള ഒരു അത്ഭുത കാഴ്ചയാണ് ഗണേശ മണ്ഡപം. ഒറ്റക്കല്ലിൽ കൊത്തിയ ഭീമൻ ഗജകേസരിയും കുട്ടിക്കൊമ്പന്മാരും ഒപ്പം നിരവധി ചെറു ശിൽപങ്ങളുമാണ് ഇവിടെയുള്ളത്.
മഹിശാസുര മർദ്ദിനി ഗുഹാക്ഷേത്രം
ഒറ്റപ്പാറ തുരന്നും കൊത്തിയുമെല്ലാം നിർമ്മിച്ച മഹിഷാസുര മർദിനി ഗുഹാ ക്ഷേത്രവും അതിന് മുകളിലായി ഒരുക്കിയിട്ടുള്ള ചെറിയ ക്ഷേത്രരൂപവും ഇവിടുത്തെ മനോഹാരിത നിലനിർത്തുന്ന കാഴ്ചയാണ്.
ഷോർ ടെമ്പിൾ
പേരുപോലെ തന്നെ കടൽതീരത്തേക്ക് മുഖം തിരിച്ചു നിൽക്കുന്ന ഒരു വിസമയമാണ് ഷോർ ടെമ്പിൾ. പുലർച്ചെ ഉദിച്ചുയരുന്ന സൂര്യന്റെ ആദ്യ കിരണങ്ങൾ മുഖദാവിൽ ഏറ്റുവാങ്ങുന്ന വിധം പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. തീരക്ഷേത്രമെന്നും ഇതറിയപ്പെടാറുണ്ട്. ബംഗാൾ ഉൾക്കടൽ തീരത്തെ അഭിമുഖീകരിച്ച് സ്ഥിതിചെയ്യുന്നതിനാലാണ് ക്ഷേത്ര സമുച്ചയത്തിന് ഈ പേര് ലഭിച്ചത്.
ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തിന് മൂന്ന് പ്രത്യേക ശ്രീകോവിലുകളാണ് ഉള്ളത്. മൂന്ന് ആരാധനാലയങ്ങളിൽ രണ്ടെണ്ണത്തിൽ ശിവനും ഒന്നിൽ മഹാവിഷ്ണുവുമാണ് ഉള്ളത്. ഇതിൽ വിഷണു ഭഗവാന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം ഏറ്റവും ചെറുതും പഴക്കമേറിയതുമാണ്. രണ്ട് ശിവക്ഷേത്രങ്ങളുടെ നടുവിലായാണ് ചെറിയ വിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
















Comments