കൊച്ചി; അരക്കോടിയുടെ മിനി കൂപ്പർ കാർ വാങ്ങിയതിന്റെ പേരിൽ വിവാദത്തിലായ ‘തൊഴിലാളി’ നേതാവിനെ ചുമതലകളിൽ നിന്നൊഴിവാക്കി തടിതപ്പാൻ സിപിഎം ശ്രമം.\സിഐടിയു നേതാവ് പി. കെ. അനിൽകുമാറിനെയാണ് ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു പി.കെ.അനിൽകുമാർ. നിരന്തരം വിവാദത്തിൽപ്പെടുന്നയാളാണ്.
യൂണിയന്റെ പ്രസിഡന്റായ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനെയും ചുമതലയിൽനിന്നു നീക്കി. ഇരട്ടപദവി വഹിക്കുന്നതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ കമ്പനികളിലെ 4000 കരാർ തൊഴിലാളികൾ ഉൾപ്പെടുന്ന യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.കൊച്ചിയിലെ ഓയിൽ കമ്പനിയിൽ കയറി അനിൽകുമാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിൽ നേതാവിനെതിരെ പരാതിയുയർന്നിരുന്നു. വൈപ്പിൻ കുഴിപ്പള്ളിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന വനിത സംരഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലും പികെ അനിൽകുമാർ കേസ് നേരിടുന്നുണ്ട്.
പുതിയ കാറുമായി കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ കഴിഞ്ഞമാസം അനിൽകുമാർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇന്നോവയടക്കമുള്ള ഉയർന്ന മോഡൽ വാഹനം സ്വന്തമായുള്ളപ്പോഴാണു പുതിയ കാർ വീട്ടിലെത്തിയത്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള എന്തു വാങ്ങിയാലും അതു പാർട്ടിയെ അറിയിക്കണമെന്നാണു സിപിഎം അംഗങ്ങൾക്കുള്ള നിർദ്ദേശം.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണു കാർ വാങ്ങിയതെന്നായിരുന്നു അനിൽകുമാറിന്റെ വിശദീകരണം. എന്നാൽ സ്വന്തം അണികളിൽ നിന്നുപോലും വിമർശനം ഉയർന്നതോടെയാണ് ചുമതലകൾ ഒഴിവാക്കാൻ ജില്ലാ നേതൃത്വം നിർബന്ധിതരായത്. ഐഒസിയിൽ കരാർ തൊഴിലാളിയായി തൊഴിലാളി പ്രവർത്തനം തുടങ്ങിയ അനിൽകുമാർ പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണു ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. ജനറൽ സെക്രട്ടറിയായിരുന്ന ടി. രഘുവരനെ സിപിഎം നിന്നു പുറത്താക്കിയപ്പോൾ സംഘടന പിടിക്കാൻ മുന്നിൽ നിന്നത് അനിൽകുമാറാണ്.
Comments