കോഴിക്കോട്: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ജീവനക്കാരനായ ബിജു ആശുപത്രിയിൽ ചികിത്സ തേടി. മണാശ്ശേരിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരൻ ഇത് നൽകാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിന്റെ പശ്ചാത്തലത്തിൽ കുപ്പിയിൽ ഇന്ധനം നൽകരുതെന്ന് പോലീസ് പമ്പുടമകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് കുട്ടികൾക്ക് കുപ്പിയിൽ പെട്രോൾ നൽകാൻ ജീവനക്കാർ തയ്യാറാകാതിരുന്നത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ കൂടുതൽ വിദ്യാർത്ഥികളെത്തി അക്രമിക്കുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാർ ആരോപിക്കുന്നത്.
അക്രമത്തിൽ പമ്പ് ജീവനക്കാരനായ ബിജുവിന്റെ തലയ്‌ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പെട്രോൾ പമ്പിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പമ്പുടമകൾ പറഞ്ഞു. പെട്രോൾ പമ്പുടമയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അക്രമം നടത്തിയ വിദ്യാർത്ഥികളെ തിരിച്ചറിയാൻ ശ്രമം തുടങ്ങിയതായും പോലീസ് വ്യക്തമാക്കി.
















Comments