ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളി. മുപ്പത്തിനാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളിയത്. ലഹരി ഇടപാടിൽ ബംഗളൂരുവിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പടെയുള്ള പ്രതികൾക്ക് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളിപ്പിച്ചു എന്ന കേസിൽ പ്രതിയാണ് ബിനീഷ് കോടിയേരി. ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളോടെയാണ് ഹർജി കോടതി തള്ളിയത്.
ബിനീഷ് കോടിയേരി ഒന്നാം പ്രതി മുഹമ്മദ് അനൂപിന് പണം നൽകിയത് ലഹരിക്കച്ചവടത്തിന് തന്നെയാണെന്ന് കോടതി നീരീക്ഷിച്ചു. അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് ബിനീഷിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അനൂപും ബിനീഷും കൊക്കൈൻ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന് രണ്ട് സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കുന്നത്. അനൂപ് എംഡിഎംഎ ഗുളികളുമായി പിടിയിലാകുന്നത് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുള്ള കമ്മനഹള്ളിയിലെ റോയൽ സ്യൂട്ട് അപ്പാർട്മെന്റിൽ നിന്നാണ്. ഒന്നാം പ്രതിയുടെ ലഹരി വ്യാപാരം സംബന്ധിച്ച് ബിനീഷിന് നേരെത്തെ അറിവുണ്ടായിരുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇവയെല്ലാമെന്ന് കോടതി നിരീക്ഷിച്ചു.
2020ൽ ആണ് ബിനീഷ് കോടിയേരി ബെംഗളുരുവിൽ അറസ്റ്റിലാകുന്നത്. ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം നൽകിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
















Comments