തൃശൂർ: കഥകളി പഠിക്കുന്നതിന് കലാമണ്ഡലത്തിൽ ചേർന്ന് മുസ്ലീം പെൺകുട്ടി. 13 വയസ്സുകാരിയായ സാബ്രിയാണ് കഥകളി പഠിക്കുന്നതിനായി കലാമണ്ഡലത്തിൽ ചേർന്നത്. കലാമണ്ഡലത്തിൽ ചേരുന്ന ആദ്യ മുസ്ലീം പെൺകുട്ടിയാണ് സാബ്രി. പ്രശസ്ത കൽപ്പിത സർവകലാശാലയിൽ ക്ലാസിക്കൽ കലാരൂപത്തിൽ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് വിദ്യാർത്ഥികളിൽ ഒരാളാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ സാബ്രി.
കലാമണ്ഡലത്തിൽ പുതിയ അദ്ധ്യായന വർഷം ആരംഭിക്കുമ്പോൾ അത് ചരിത്രപരമായ പുതിയ തുടക്കത്തിലേക്കുള്ള വാതിലാണ് തുറക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ ഒപ്പന, മോഹിനിയാട്ടം ഗ്രൂപ്പ് മത്സരങ്ങളിൽ സമ്മാനം നേടിയ സാബ്രിയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു കഥകളിയ്‌ക്ക് ചേരണമെന്നത്. അതാണ് കലാമണ്ഡലത്തിൽ സാക്ഷാത്കാരമായത്. കഥകളി കലാകാരനായ കലാമണ്ഡലം ആരോമലാണ് സാബ്രിയുടെ കഴിവ് തിരിച്ചറിഞ്ഞ് നടനകലയുടെ ഈറ്റില്ലത്തിൽ ചേരാൻ നിർദ്ദേശിച്ചത്. തുടർന്ന് തെക്കൻ ചിട്ടയിലായിരുന്നു പരിശീലനം നടന്നത്. കഴിഞ്ഞ വർഷമാണ് കലാമണ്ഡലത്തിൽ എട്ടാം ക്ലാസിൽ കഥകളിയ്‌ക്ക് പെൺകുട്ടികളെ ചേർത്ത് തുടങ്ങിയത്.
കഥകളി വേഷത്തിലെ മോഹമാണ് സാബ്രിയെ കഥകളിയിലേക്ക് നയിച്ചത്. ആകർഷകമായ കടുംവർണ്ണമുള്ള കഥകളി വേഷവും ഭാവാഭിനയവും സാബ്രിയുടെ താത്പര്യം കൂട്ടി. അവളുടെ മതവിശ്വാസം കാരണം അവളുടെ പഠനത്തിന് ഒരു തടസ്സവും ഉണ്ടാകില്ലെന്നും മകളുടെ വളരെ വലിയ സ്വപ്‌നമാണ് സഫലമായതെന്നും സാബ്രിയുടെ പിതാവ് പറഞ്ഞു.
അസാമന്യ കഴിവുകളോടെയുള്ള പ്രതിഭകളെ കലാലോകത്തിന് സമർപ്പിക്കാൻ കലാമണ്ഡലത്തിൽ സാധിച്ചിട്ടുണ്ട്. മതപരമായ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന കാലങ്ങളായുള്ള പാരമ്പര്യമാണ് കലാമണ്ഡലത്തിനുള്ളത്. കലാമണ്ഡലം ഹൈദരാലി, ഏറ്റവും മികച്ച കഥകളി ഗായകൻ കലാമണ്ഡലം ജോൺ, ഭരതനാട്യം വിദ്വാൻ കലാമണ്ഡലം ഹുസ്‌നാബാനു എന്നിവർ മികച്ച ഉദാഹരണങ്ങളാണ്.
Comments