ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണം എന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയ്ക്ക് സമർപ്പിച്ച ഹർജി തള്ളി. എറണാകുളം സ്വദേശിനി റബേക്ക ജോസഫ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ആനയെ എവിടെ വിടണം എന്ന് തീരുമാനിക്കുന്നത് വനം വകുപ്പാണെന്ന് കോടതി പറഞ്ഞു. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിന് ഹർജി കൈമാറിയത്.
ഇന്ന് ഉച്ചയോടെയാണ് മദ്രാസ് ഹൈക്കോടതിയുടെ അഞ്ചാം നമ്പർ കോടതിയിൽ ഹർജി പരിഗണിച്ചത്. അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയെന്നും കോടതി പറഞ്ഞു. തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറൈ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ തന്നെ അരിക്കൊമ്പൻ തുടർന്നാൽ മതിയെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ആനയുടെ നീക്കം തിരുനെൽവേലിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. വിവരങ്ങൾ കന്യാകുമാരി, അംബാസമുദ്രം, തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൈമാറുന്നുമുണ്ട്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. ആന കോതയാർ ഡാമിന് പരിസരത്തുണ്ടെന്നാണ് അവസാനം ലഭിച്ച വിവരം.
Comments