പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ, ജനങ്ങൾക്കുമുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 1961-ലെ ആദായ നികുതി നിയമപ്രകാരം എല്ലാ പാൻകാർഡ് ഉടമകളും നിർബന്ധമായും പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യണം. ആദായനികുതി വകുപ്പിന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസരം നഷ്ടപ്പെടുത്തിയാൽ അതത് പാൻ കാർഡ് ഉടമകളുടെ മാത്രം ഉത്തരവാദിത്വമായിരിക്കും ഇതെന്നും ട്വീറ്റിൽ പറയുന്നുണ്ട്.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി നിലവിൽ ജൂൺ 30 വരെയാണ്. ഇതിന് 1000 രൂപ പിഴയടക്കണം. ജൂലൈ ഒന്നുമുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസിന്റെ അറിയിപ്പ്. ഇതു കൂടാതെ, ആദായ നികുതി വകുപ്പ് പറയുന്നത് ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും അടയ്‌ക്കണമെന്നാണ്.
2023 ജൂൺ 30-നകം നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങളുടെ പാൻ ഉപയോഗിക്കാൻ സാധിക്കില്ല.
പാൻ-ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം?
- ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in എന്നതിൽ ലോഗിൻ ചെയ്യുക.
- ക്വിക്ക് ലിങ്ക്സ് എന്ന വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക.
- ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
Comments