ഈ വർഷം ജൂൺ 18-നാണ് ഫാദേഴ്‌സ് ഡേ ആചരിക്കുന്നത്. മിക്ക മക്കൾക്കും അവരുടെ സൂപ്പർ ഹീറോ ആയിരിക്കും അച്ഛൻ. എല്ലാ കാര്യങ്ങൾക്കും താങ്ങായും തണലായും ഒപ്പം നിൽക്കുന്നവരാണ് അവർ. അവരോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിക്കാനുള്ള സുദിനമാണ് ഫാദേഴ്‌സ് ഡേ. അച്ഛൻ എങ്ങനെ ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് ചിന്തിക്കേണ്ടത് തന്നെയാണ്.
എന്നാൽ നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ പ്രത്യേകത കാരണം കുട്ടികൾക്ക് പലപ്പോഴും അച്ഛനുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ കഴിയാറില്ല. തങ്ങളുടെ ആവശ്യങ്ങൾക്കായി മക്കൾ എപ്പോഴും സമീപിക്കുന്നത് അമ്മമാരെയാകും. ഇത്തരം കാര്യങ്ങൾ അച്ഛനിൽ നിന്ന് മറച്ചുവെയ്‌ക്കാറാണ് പതിവ്. പുരുഷാധിപത്യ സ്വഭാവമുള്ള കുടുംബങ്ങൾക്കുള്ളിൽ മക്കൾ വളരുന്നതാണ് ഇതിന് പിന്നിലെ കാരണം.
അച്ഛനുമായി വൈകാരിക ബന്ധം സ്ഥാപിക്കേണ്ടതും അത് ജീവിതത്തിലുടനീളം പ്രാവർത്തികമാക്കേണ്ടതും അനിവാര്യമാണ്. കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെ അച്ഛനുമായുള്ള ബന്ധം ദൃഢമാക്കാനും സ്‌നേഹം നിറഞ്ഞതാക്കാനും കഴിയും. അച്ഛനൊപ്പം വിനോദപ്രവൃത്തികളിൽ ഏർപ്പെടുന്നത് ഏറെ നല്ലതാണ്. പൂന്തോട്ട പരിപാലനമോ, കായികവിനോദമോ, സിനിമയോ, പാചകമോ..അങ്ങനെ എന്തുമാകാം, പരസ്പരം താത്പര്യമുള്ള കാര്യങ്ങൾ ഒന്നിച്ച് ചെയ്യുന്നത് അച്ഛനുമായുള്ള ബന്ധം സ്ഥാപിക്കാനും നിലനിർത്താനും സഹായിക്കും.
അച്ഛൻ വളർന്നു വന്ന സാഹചര്യവും അച്ഛന്റെ പഴയ സ്‌കൂൾ കാലഘട്ടവും സുഹൃത്തുക്കളെ കുറിച്ച് ചോദിച്ചറിയുന്നതും നല്ലതാണ്. അവർ പറയുന്നത് ശ്രദ്ധിക്കുന്നതും അവരിൽ നിങ്ങളെ കുറിച്ച് മതിപ്പുളവാക്കും. നമ്മുടെ പ്രശ്‌നങ്ങൾക്കുള്ള മികച്ച പരിഹാരം അച്ഛന്റെ കൈയിലുണ്ടാകും. അതുകൊണ്ട് തന്നെ തീരുമാനങ്ങളെടുക്കുന്ന സമയങ്ങളിൽ അച്ഛനോട് അഭിപ്രായം ചോദിച്ചറിയാൻ ശ്രമിക്കുക. കാര്യങ്ങൾ പങ്കുവെയ്‌ക്കാനും അച്ഛൻ നൽകുന്ന നിർദ്ദേശങ്ങൾ പരിഗണിക്കാനും മടി വിചാരിക്കരുത്.
അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തീർച്ചയായും സംസാരിച്ച് തീർക്കുക തന്നെ വേണം. എന്നാൽ അത്, അച്ഛനും മക്കളും തമ്മിലുള്ള ബന്ധം തകരുകയോ അകലം സൃഷ്ടിക്കപ്പെടുകയോ ചെയ്യാൻ പാടില്ല. അച്ഛൻ എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി തോന്നിയാൽ ആവും വിധം സഹായിക്കാൻ മക്കൾ ശ്രമിക്കേണ്ടതാണ്. പണമായിട്ടും കൈസഹായമായിട്ടുമൊക്കെ സഹായിക്കാവുന്നതാണ്.
















Comments