ന്യൂഡൽഹി: വരുന്ന ജൂൺ 27ന് അഞ്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിക്കും. മേക്ക് ഇൻ ഇന്ത്യ നയവുമായി ബന്ധപ്പെട്ട് നിർമ്മിച്ചെടുത്ത സെമി ഹൈ-സ്പീഡ് ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഗോവ-മുംബൈ, പട്‌ന-റാഞ്ചി, ഭോപ്പാൽ-ഇൻഡോർ, ഭോപ്പാൽ-ജബൽപൂർ, ബെംഗളൂരു-ഹൂബ്ലി-ധാർവാർഡ് എന്നീ റൂട്ടുകളിലാണ് അഞ്ച് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുക.
ഈ അഞ്ച് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്ത് പ്രവർത്തനക്ഷമമായ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23 ആകും. കേരളത്തിൽ ഏതാനും നാളുകൾക്ക് മുമ്പായിരുന്നു വന്ദേഭാരത് സർവീസ് ആരംഭിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനിൽ ആദ്യ ദിവസം മുതൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരും നാളുകളിൽ വന്ദേ മെട്രോ, വന്ദേ സ്ലീപർ, വന്ദേ ചെയർ കാർ എന്നിങ്ങനെയുള്ള വിവിധ തരം വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം.
Comments