ന്യൂഡൽഹി: സ്വപ്രയത്‌നം കൊണ്ട് മിയാവാക്കി വനം ഒരുക്കിയ മലയാളി അദ്ധ്യാപകനെ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വിദ്യാവനം’ എന്ന പേരിൽ കൊച്ചു വനം നിർമ്മിച്ച് ആലപ്പുഴ സ്വദേശിയായ റാഫി രാമനാഥാണ് പ്രധാനമന്ത്രിയുടെ പ്രശംസ എറ്റുവാങ്ങിയത്. ജാപ്പനീസ് വനവത്കരണ മാതൃകയായ ‘മിയാവാക്കി’ ഉപയോഗിച്ചാണ് ഈ അദ്ധ്യാപകൻ വനം നട്ടുവളർത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്തിന്റെ 102 പതിപ്പിലാണ് റാഫി രാമനാഥ് ഇടം പിടിച്ചത്.
ജപ്പാൻ വനവത്കരണ മാതൃകയായ മിയാവാക്കി ഫലഭൂയിഷ്ഠമല്ലാത്ത പ്രദേശത്തെ ഹരിതാഭമാക്കാനുള്ള മികച്ച മാർഗമാണ്. ഇന്ത്യയിലൂം ഈ സാങ്കേതിക വിദ്യ ക്രമേണ പ്രാവർത്തികമാവുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള അദ്ധ്യാപകനായ റാഫി രാമനാഥ് മിയാവാക്കി അടിസ്ഥാനമാക്കി വിദ്യാവനം എന്ന പേരിൽ ചെറുവനം ഒരുക്കിയിട്ടുണ്ട്. 115-ലധികം ഇനങ്ങളുള്ള സസ്യലതാദികൾ ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്. വിദ്യാർത്ഥികളടക്കം നിരവധി ആളുകളാണ് വനം കാണാനായി എത്തുന്നത്. ലോകമെമ്പാടും നടപ്പിലാക്കുന്ന പ്രസ്തുത രീതി രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ചും നഗരവാസികൾ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
150-200 വർഷം കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി വനം. നഗരങ്ങൾ വനവത്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണു മിയാവാക്കി വനം ഒരുക്കുന്നത്.
















Comments