ഇസ്‌ലാമബാദ്; ഏഷ്യാകപ്പ് പാകിസ്ഥാനിൽ നടക്കുമെന്ന് ഉറപ്പായതോടെ പതിവ് തനിനിറം കാട്ടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്.ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ സർക്കാരിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ കളിക്കൂവെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി അറിയിച്ചു. ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് വരില്ലെന്ന് അറിഞ്ഞതോടെ എങ്ങനെയും മത്സരങ്ങൾ നടത്താനായി പാകിസ്താൻ മുന്നോട്ടുവച്ച ‘ഹൈബ്രിഡ് മോഡൽ’ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ലോകകപ്പിന്റെ മത്സര ക്രമങ്ങൾ അംഗീകരിക്കാനോ, തള്ളിക്കളയാനോ ഇപ്പോൾ സാധിക്കില്ലെന്ന് നജാം സേഥി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു.പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിന് വരാൻ ഇന്ത്യൻ സർക്കാരിന്റെ സമ്മതം വേണമെന്നതുപോലെ അങ്ങോട്ടു പോകാൻ പാകിസ്താൻ സർക്കാർ സമ്മതിക്കണമെന്ന് നജാം സേഥി ഐസിസിയെ അറിയിച്ചു.”പാകിസ്താൻ ടീമിനെ അയക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കണം. അതിനു ശേഷമായിരിക്കും ഇന്ത്യയിലെ ഏകദിന ലോകകപ്പ് കളിക്കുമോയെന്നു തീരുമാനമാകുക.” നജാം സേഥി പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഇന്ത്യ പാകിസ്താൻ മത്സരം നടത്തുകയെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഹമ്മദാബാദിൽ കളിക്കാനാകില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനം അറിയിച്ചു. ഷാഹിദ് അഫീദിയടക്കമുള്ളവർ ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.ഏഷ്യാകപ്പ് ക്രിക്കറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയിൽ സമ്മർദമുണ്ടാക്കാനായിരുന്നു നീക്കം.
ഏഷ്യാകപ്പ് കളിക്കാൻ പാകിസ്താനിലേക്കു പോകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ ലോകകപ്പ് കളിക്കില്ലെന്ന് പാക്കിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഹൈബ്രിഡ് മോഡലിൽ തന്നെ ഏഷ്യാകപ്പ് നടത്താൻ ധാരണയായത്. ഏഷ്യാകപ്പിലെ ആദ്യ നാലു കളികൾ മാത്രം പാകിസ്താനിൽ നടത്തി ബാക്കി മത്സരങ്ങൾ ഇന്ത്യയുടേതുൾപ്പടെ ശ്രീലങ്കയിൽ നടത്താനാണു തീരുമാനം.
















Comments