ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്തുണ്ടായിരുന്നു എങ്കിൽ രാജ്യം ഒരിക്കലും വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഒരിക്കലും സ്വാതന്ത്ര്യത്തിനായി യാചിക്കില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും ഡോവൽ പറഞ്ഞു. ഡൽഹിയിൽ നടന്ന സുഭാഷ് ചന്ദ്രബോസ് സ്മൃതി പ്രഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പൂർണസ്വരാജ് ലഭിക്കാതെ പോരാട്ടങ്ങളിൽ സന്ധി ചെയ്യില്ലെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്‌ട്രത്തെ രാഷ്‌ട്രീയ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലെ സാമൂഹിക, രാഷ്‌ട്രീയ അവസ്ഥയും ജനങ്ങളുടെ ചിന്താഗതിയും മാറ്റിയെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ബ്രിട്ടീഷുകാരോട് പോരാടി സ്വാതന്ത്ര്യം നേടുക അല്ലാതെ യാചിച്ച് നേടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്നും ഡോവൽ പറഞ്ഞു.
അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ ഒരുക്കലും ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. മുഹമ്മദലി ജിന്നയ്‌ക്കുപോലും അദ്ദേഹം സ്വീകാര്യനായിരുന്നു. ഇന്ത്യയെ ഒരൊറ്റ ശക്തമായ രാഷ്‌ട്രമാക്കി മാറ്റിയതിന് പിന്നിൽ നേതാജിയുടെ ദർശനങ്ങളുടെ പ്രചോദനമുണ്ട്. പകരം വെക്കാനാകാത്ത നേതൃത്വപാഠവത്തിന് ഉടമയായിരുന്നു സുഭാഷ് ചന്ദ്രബോസെന്നും ഡോവൽ പറഞ്ഞു.
















Comments