മലയാളിയ്‌ക്ക് വായു പോലെ തന്നെ പ്രധാനമാണ് പൊറോട്ടയും. ആഴ്ചയിൽ മിക്ക ദിവസവും കഴിക്കുന്ന ഭക്ഷണമാകും പൊറോട്ട. ഏറ്റവും അധികം പേർ ഇഷ്ടപ്പെടുന്നതിനപ്പുറം ഏറ്റവുമധികം ചീത്തപ്പേര് കേൾക്കുന്ന ഒന്നാണ് പൊറോട്ട. അതിന് പിന്നിലെ കാരണമെന്താണ് എന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. പൊറോട്ട ആണ് കഴിച്ചതെന്ന് പറഞ്ഞാൽ പിന്നെ അരുതുകൾ കൽപ്പിക്കുന്ന പതിവുണ്ട്.
തമിഴ്‌നാട് വഴിയാണ് പൊറോട്ടയെത്തിയതും താരമായതും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ തുറമുഖ നിർമ്മാണത്തിനായി ശ്രീലങ്കയിൽ നിന്നെത്തിയ തൊഴിലാളികളാണ് ആദ്യമായി ഇന്ത്യയിൽ പൊറോട്ട എത്തിച്ചത്. തമിഴ്‌നാട്ടിലും പിന്നീട് കേരളം, കർണാടക, ഹൈദരാബാദ് തുടങ്ങി ദക്ഷിണേന്ത്യയിലൊട്ടാകെ പൊറോട്ട ജനപ്രിയമായി.
മൈദ കൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. ഒപ്പം മുട്ടയും എണ്ണയുമൊക്കെ ചേർക്കുന്നു. ഗോതമ്പ് സംസ്‌കരിച്ച് അതിലെ തവിടും ധാതുക്കളുമൊക്കെ ഇല്ലാതാക്കി വെളിപ്പിച്ചെടുക്കുന്ന വസ്തുവാണ് ഈ മൈദ. ബെൻസൈൽ പെറോക്‌സൈഡാണ് ഈ വെളുപ്പിക്കലിന് സഹായിക്കുന്നത്. കൂടാതെ അലാക്‌സാൻ എന്ന രാസവസ്തുവും വ്യാപകമായി മൈദയിൽ ഉപയോഗിക്കുന്നു. ഇത് പ്രമേഹം പോലുള്ള രോഗങ്ങൾക്ക് വഴിവെയ്‌ക്കുമെന്ന പഠനങ്ങളിൽ പറയുന്നു.
ബ്രഡ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റുകൾ, പഫ്‌സ്, വിദേശ ആഹാരമായ കുബ്ബുസ് എന്നിവയിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് മൈദ. എന്നാൽ അവയ്‌ക്ക് ഒന്നുമില്ലാത്ത ചീത്തപ്പേരാണ് പൊറോട്ടയ്‌ക്ക് മാത്രമുള്ളത്. നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും പൊറോട്ടയിൽ ഇല്ലെന്നതാണ് വസ്തുത. ശരീരത്തിന് ആവശ്യമില്ലാത്ത ഒൻപത് ഗ്രാം കൊഴുപ്പും മൈദയിൽ അടങ്ങിയിരിക്കുന്നു.
നാം കഴിക്കുന്ന ഭക്ഷണത്തിൽനിന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നത് സൂചിപ്പിക്കുന്ന ഗ്ലൈസീമിക് ഇൻഡക്സ് പൊറോട്ടയിൽ വളരെ കൂടുതലാണ്. പൊറോട്ടയിൽ ദഹനസാഹിയായ നാരുകളൊന്നും ഇല്ലാത്തിനാൽ പെട്ടെന്ന് ദഹിച്ച്, ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു. വനസ്പതി ഉപയോഗിച്ച് പൊറോട്ടയുടെ മൈദമാവ് കുഴയ്‌ക്കുന്നതാണ് മറ്റൊരു അപകടകരമായ വസ്തുത. ഹൈഡ്രജൻ അയൺ ചേർത്ത ഹൈഡ്രോജേനറ്റഡ് വെജിറ്റബിൾ ഓയിൽ ആണ് വനസ്പതി. ഹൃദയത്തിന് ഏറ്റവും അപകടകരമാണ് ഇത്. പൊറോട്ട കൂടുതൽ സമയം കേടാകാതിരിക്കാനും നല്ല സമയം ലഭിക്കുന്നതിനുമാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.
സാധാരണഗതിയിൽ പൊറോട്ടയ്‌ക്കൊപ്പം ചിക്കൻ, മട്ടൺ, ബീഫ് തുടങ്ങിയവയാണ് കഴിക്കുന്നത്. മൂന്ന് പൊറോട്ടയിൽ നിന്ന ഏകദേശം 400 കിലോ കലോറി ഊർജ്ജമാണ് ലഭിക്കുന്നത്. ഇതിനൊപ്പം കറിയോ ഫ്രൈയോ കഴിക്കുന്നതോടെ ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഊർജ്ജം ലഭിക്കുന്നു. ഇത് കൊഴുപ്പ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. നാരുകൾ അടങ്ങിയിട്ടില്ലാത്ത ആഹാരമാണ് പൊറോട്ട. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നതിനൊപ്പം സാലഡുകൾ കഴിക്കേണ്ടതാണ്. സാലഡ് ഇല്ലെങ്കിൽ പോലും സവോള എങ്കിലും ഒപ്പം കഴിക്കാൻ ശ്രദ്ധിക്കാം. ആഴ്ചയിൽ ഒരുതവണ മാത്രം പൊറോട്ട കഴിക്കുന്നതാണ് നല്ലത്. നാരുകൾ അടങ്ങിയിട്ടില്ലാത്തതിനാൽ ഇവ അസിഡിറ്റിയ്‌ക്ക് കാരണമാകും.
മൈദയ്‌ക്ക് അല്ലേ ഗുണമില്ലാത്തത് അതുകൊണ്ട് നാളെ മുതൽ ഗോതമ്പ് പൊറോട്ട ശീലമാക്കാം എന്ന് വിചാരിച്ചാൽ അതും ശരീരത്തിന് കാര്യമായ ഗുണം നൽകുന്നില്ലെന്ന വസ്തുത മനസിലാക്കുക. കാരണം ഗോതമ്പ് കൊണ്ട് പൊറോട്ട ഉണ്ടാക്കുമ്പോൾ ധാരാളം എണ്ണ ആവശ്യമാണ്. ഗോതമ്പ പൊറോട്ട കഴിക്കുന്നത് അമിത അളവിൽ എണ്ണ ശരീരത്തിലെത്തുന്നതിന് കാരണമാകും.
Comments