ചെന്നൈ: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരായ അപകീർത്തി പരാമർശത്തിൽ ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂർത്തിക്കെതിരെ നടപടിയെടുത്ത് പാർട്ടി. അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് കൃഷ്ണമൂർത്തിയെ ഡിഎംകെ പുറത്താക്കിയത്.
നേരത്തെ തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിന്‌റെ ഭാഗമായി കൃഷ്ണമൂർത്തിയെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും മാപ്പപേക്ഷിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും അപകീർത്തി പരാമർശം നടത്തുകയും സംഭവം വലിയ വിവാദമാകുകയും ചെയ്തതോടെയാണ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകനാണ് കൃഷ്ണമൂർത്തിയെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. പ്രാഥമിക അംഗത്വം ഉൾപ്പെടെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും കൃഷ്ണമൂർത്തിയെ പിരിച്ചുവിട്ടതായി ഡിഎംകെ അറിയിച്ചു.
ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ട്വിറ്ററിലൂടെയും വാർത്താസമ്മേളനത്തിലൂടെയും അതിരൂക്ഷമായ വിമർശനമാണ് ബിജെപി നേതാവ് ഖുശ്ബു സുന്ദർ നടത്തിയിരുന്നത്. ഡിഎംകെയിൽ നിലനിൽക്കുന്ന രാഷ്‌ട്രീയ സംസ്‌കാരമാണ് ശിവാജി കൃഷ്ണമൂർത്തിയിലൂടെ പുറത്തേക്ക് വരുന്നതെന്ന് ഖുശ്ബു ആരോപിച്ചു. ഇത്തരത്തിൽ നിരവധി പേർ പാർട്ടിയിലുണ്ട്. തന്നെ മാത്രമല്ല, അപകീർത്തികരമായ പ്രസ്താവനകളിലൂടെ മഹാനായ കരുണാനിധിയെ അടക്കമാണ് അയാൾ അപമാനിക്കുന്നതെന്ന് മനസിലാക്കണം. ഗുണ്ടകളുടെ സുരക്ഷിത താവളമായി മാറുകയാണ് ഡിഎംകെ പാർട്ടിയെന്നത് ലജ്ജാകരമാണെന്നും ഖുശ്ബു പറഞ്ഞു. ബിജെപി നേതാവിനെക്കുറിച്ച് ഡിഎംകെ പ്രവർത്തകൻ മോശമായി സംസാരിച്ചുവെന്നതല്ല വിഷയം. അത് സ്ത്രീകൾക്കെതിരായ ആക്രമണമാണ്. ഇത്തരക്കാരെ വളർത്തിക്കൊണ്ടുവരുന്നതാണ് പുതിയ ദ്രാവിഡ മാതൃകയെന്നും ഖുശ്ബു കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ശിവാജി കൃഷ്ണമൂർത്തിയെ പുറത്താക്കി ഡിഎംകെ നടപടി സ്വീകരിച്ചത്.
















Comments