കോഴിക്കോട്: വ്യാജേ രേഖ ചമക്കൽ കേസിൽ കഴിഞ്ഞ 13 ദിവസമായി ഒളിവിൽ കഴിയുന്ന എസ്എഫ്ഐ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. വിദ്യ കോഴിക്കോടും എറണാകുളത്തും എത്തിയതിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് പോലീസ്. അടുത്ത ദിവസങ്ങളിൽ വിദ്യ കൊടുത്ത മുൻക്കൂർ ജാമ്യം കോടതി പരിഗണിക്കാനിരിക്കെയാണ് പൊതുജനത്തെ മണ്ടന്മാരാക്കിക്കൊണ്ട് ഈ ഒത്തുകളി. ഇത് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെ വഞ്ചിക്കലാണെന്ന് എബിവിപി പ്രതികരിച്ചു.
സമാനമായി ആലപ്പുഴയിൽ ബി.കോം പാസ്സാവതെ എസ്എഫ്ഐ ജില്ലാ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എം.കോമിന് ചേർന്ന വിഷയത്തിലും ഇതുവരെയും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയ്‌ക്ക് സംസ്ഥാനത്ത് എന്ത് തോന്നിവാസവും കാണിച്ചുകൂട്ടാം എന്ന സ്ഥിതിവിശേഷത്തിലേക്കാണ് പോലീസ് ഇതിനെ കൊണ്ട് എത്തിച്ചിരിക്കുന്നത്. ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന കേരളാ പോലീസിന്റെ ഈ നിഷ്ക്രിയത്വ മനോഭാവം അംഗീകരിക്കാനാവില്ല. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അക്രമിക്കുകയും അതേസമയം തട്ടിപ്പു നടത്തിയവരെ പൂമാലയിട്ട് സ്വീകരിക്കുകയുമാണവർ. ഒത്തുകളി അവസാനിപ്പിച്ച് കെ. വിദ്യയെ ഉടൻ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസ് തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് എബിവിപി നീങ്ങുമെന്നും യദു കൃഷ്ണൻ വ്യക്തമാക്കി.
















Comments