ലോകമെമ്പാടുമുള്ള എല്ലാവരും ഇന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. ജനനം മുതൽ അച്ഛന് നമുക്ക് എല്ലാമെല്ലാമാണ്. നമുക്ക് ഓർമയുണ്ടാവില്ലെങ്കിൽ പോലും നമ്മെ പിച്ചവയ്‌ക്കാൻ പഠിപ്പിച്ചത് അച്ഛനായിരിക്കും. വളർച്ചയുടെ ഓരോ ഘട്ടത്തിലും നമുക്ക് അച്ഛൻ താങ്ങായും തണലായും കൂടെകാണും. കുടുംബത്തിൽ എല്ലായ്പ്പോഴും സ്നേഹവും പങ്കാളിത്തവും പകർന്നു നൽകുന്നതിന്റെ ആദ്യ മാതൃക കാണിച്ചു തരുന്നതും അച്ഛനാണ്. തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞ് നിറവേറ്റാൻ നിരന്തരമായി പരിശ്രമിക്കുന്ന ആളാണ് അച്ഛൻ. സന്തോഷത്തിൽ കൂടെ ചേർന്ന് ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും അച്ഛനെപ്പോലെ മറ്റൊരാൾക്കും കഴിയില്ല. തങ്ങളുടെ ജീവിതത്തിലെ ആദ്യ ഹീറോ ആയ അച്ഛന് ആശംസകളുമായി എത്തുകയാണ് സിനിമാ ലോകത്തെ പ്രിയ താരങ്ങളും.
സിനിമാ താരങ്ങളായ ടൊവിനോ തോമസ്, അനു സിത്താര, നമിത പ്രമോദ്, നവ്യ നായർ, മീനാക്ഷി അനൂപ് എന്നിവർ അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഹാപ്പി ഫാദേഴ്സ് ഡേ എന്നാണ് സാമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾക്കൊപ്പം താരങ്ങൾ കുറിച്ചത്. ചിത്രങ്ങൾ കാണാം.


“ഏറ്റവും മികച്ച അച്ഛൻ. എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തേറിയ തൂൺ. അച്ഛനില്ലാതെ ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കൂടി സാധിക്കില്ല. അച്ഛൻ എന്നെ സ്നേഹിക്കുന്ന രീതി തന്നെ ഈ ജന്മത്തിൽ എനിക്ക് ധാരാളമാണ്. അച്ഛനെ സന്തോഷവാനാക്കാൻ എനിക്കാകും വിധത്തിൽ ഞാൻ ശ്രമിക്കുന്നുണ്ട്. എന്റെ തെറ്റുകൾ അച്ഛൻ ക്ഷമിക്കണം,” എന്നാണ് നവ്യ കുറിച്ചത്.

എന്റെ ബെസ്റ്റ് ഫ്രെണ്ടിന് ഫാദേഴ്സ് ഡേ ആശംസകളെന്ന് നമിത കുറിച്ചപ്പോൾ അച്ഛാ നിങ്ങളാണ് ഏറ്റവും മികച്ചതെന്നായിരുന്നു മീനാക്ഷി അനൂപിന്റെ വാക്കുകൾ.


‘ഫാദേഴ്സ് ഡേ ആശംസകൾ ഡാഡാ. എന്റെ കൂടെ നൃത്തം ചെയ്യുന്നതിനും കളിക്കുന്നകിനും ഭക്ഷണം വാരി തരുന്നതിനും നന്ദി . ഐ ലവ് യൂ.’ എന്ന അടിക്കുറിപ്പോടുകൂടിയാണ് പേളി മാണി ശ്രീനിഷിന്റെയും മകൾ നിലയുടെയും വീഡിയോ പങ്കുവെച്ചത്.

ദീപക് ദേവിന്റെ മകൾ പല്ലവിയും അച്ഛനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കുവെച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നുണ്ട്.
















Comments