ക്വിറ്റോ: ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച് ശവപ്പെട്ടിയിൽ അടച്ച് ജീവനോടെ എഴുന്നേറ്റ് വന്ന ക്വഡോർ സ്വദേശി ബെല്ല മൊൺടോയ അന്തരിച്ചു. സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞതോടെ പക്ഷാഘാതം വന്നാണ് 76 കാരിയായ ബെല്ല മരണത്തിന് കീഴടങ്ങിയത്.സ്‌ട്രോക്ക് വന്ന് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെയായിരുന്നു മരണം. ഇത്തവണ ബെല്ല മരിച്ചതായി എക്വഡോർ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ജൂൺ ഒമ്പതിനായിരുന്നു ബെല്ല മരിച്ചുവെന്ന് ഡോക്ടർമാർ ആദ്യം സ്ഥിരീകരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ബെല്ലയെ ഇവരുടെ മകൻ ബബാഹോയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി. രണ്ട് മണിക്കൂറുകൾക്ക് ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒദ്യോഗിക റിപ്പോർട്ടുകൾ എല്ലാം സമർപ്പിച്ചതിന് ശേഷം മരണ സർട്ടിഫിക്കറ്റും നൽകി. തുടർന്ന് ബെല്ലയുടെ ശരീരം ശവപ്പെട്ടിയിലാക്കി സെമിത്തേരിയിലേക്ക് കൊണ്ടുപോയി.
അഞ്ച് മണിക്കൂറുകൾക്ക് ശേഷം ശവപ്പെട്ടിയുടെ മൂടിയിൽ തുടർച്ചയായുള്ള മുട്ടുകൾ കേട്ട് ആളുകൾ അമ്പരന്നു. പെട്ടി തുറന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബെല്ല ശവപ്പെട്ടിയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു. ഏകദേശം അഞ്ച് മണിക്കൂറുകളോളമാണ് ബെല്ല ശവപ്പെട്ടിയിൽ കിടന്നത്.
ബെല്ലയ്‌ക്ക് ജീവനുണ്ടെന്ന് മനസിലാക്കിയ ഉടൻതന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെല്ലയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർക്കെതിരെയും ബന്ധുക്കൾ പരാതി നൽകി. ഇക്കഴിഞ്ഞ ജൂൺ 16-നായിരുന്നു ബെല്ല അന്തരിച്ചത്. തുടർന്ന് മൃതദേഹം ഒരാഴ്ച മുമ്പ് അടക്കാൻ തീരുമാനിച്ച അതേ സെമിത്തേരിയിൽ അടക്കി.
















Comments