ന്യൂഡൽഹി: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ. നിഖിൽ തോമസ് എന്ന പേരിൽ സർവകലാശാലയിൽ ഒരു വിദ്യാർത്ഥി പോലും ഇതുവരെ പഠിച്ചിട്ടില്ലെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു. വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികരിക്കുന്നതെന്നും സർവകലാശാല രജിസ്റ്ററിൽ ഇത്തരത്തിൽ ഒരു പേരില്ലെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.
ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് തങ്ങൾ നൽകിയിട്ടില്ല. മലയാള മാദ്ധ്യമങ്ങളിലൂടെ വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നു. വിഷയം സർവകലാശാല നിയമ വിഭാഗത്തിന്റെ പരിഗണനയ്‌ക്കായി വിട്ടിട്ടുണ്ട്. വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒർജിനൽ ആണെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വ്യക്തമാക്കിയത്. താൻ നേരിട്ട് പരിശോധിച്ചുവെന്നും സർട്ടിഫിക്കറ്റ് ഒർജിനലാണെന്നും ആർഷോ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ അവകാശപ്പെട്ടിരുന്നു. കലിംഗ സർവകലാശാലയിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ലഭിച്ചതോടെ നിഖിൽ തോമസിനൊപ്പം ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നത് എസ്എഫ്‌ഐ സംസ്ഥാന നേതാക്കളാണ്.
നിഖിൽ തോമസ് മൂന്നു വർഷവും കോളേജിൽ തന്നെയുണ്ടായിരുന്നതായി പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. കോഴ്‌സ് റദ്ദാക്കിയിരുന്നില്ല. നിഖിൽ കലിംഗയിൽ കോഴ്‌സ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിഷയത്തിൽ കോളേജ് ഗുരുതര വീഴ്ച വരുത്തിയതായി കേരള സർവകലാശാല വ്യക്തമാക്കിയിരുന്നു.
















Comments