ന്യൂഡൽഹി: ഇന്ത്യ ഐഎൻഎസ് ക്രിപാൺ വിയറ്റ്‌നാമിന് സമ്മാനിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് ക്രിപാൺ വിയറ്റനാമിന് സമ്മാനിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിക്കുകയായിരുന്നു. വിയറ്റ്നാമീസ് കൗണ്ടർ ജനറൽ ഫാൻ വാൻ ഗാങ്ങുമായി നടന്ന ചർച്ചയിലാണ് പ്രഖ്യാപനം ഉണ്ടായത്. വിയറ്റ്നാം പീപ്പിൾസ് നേവിയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ ഐഎൻഎസ് ക്രിപാൺ നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി കൂടിക്കാഴ്ചയിൽ വിവിധ പ്രതിരോധ സഹകരണ സംരംഭങ്ങളുടെ പുരോഗതി അവലോകനം നടന്നു. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഇടപാടുകളിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധ വ്യവസായ സഹകരണം, സമുദ്രരക്ഷ, ബഹുരാഷ്‌ട്ര സഹകരണം എന്നീ മേഖലകൾ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് ജനറൽ ഫാൻ വാൻ ഗാങ് ഇന്ത്യയിലെത്തിയത്.
പ്രതിരോധ ഗവേഷണത്തിലും സംയുക്ത ഉത്പ്പാദനത്തിലും സഹകരിച്ച് പ്രതിരോധ വ്യാവസായം വർദ്ധിപ്പിക്കുന്നതിനായി വിയറ്റ്‌നാമീസ് പ്രതിരോധ മന്ത്രി ഡിആർഡിഒ ആസ്ഥാനം സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ജനറൽ ഗാങ് ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ആക്റ്റ് ഈസ്റ്റ് പോളിസിയിലും ദി ഇന്തോ-പസഫിക് മേഖലയിലും വിയറ്റ്നാം ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്.
















Comments