ഭാരതീയ ശാസ്ത്ര പൈതൃകത്തിന്റെ വിശിഷ്ട സംഭാവനയാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാണ് യോഗ ശാസ്ത്രം.യോഗ എന്ന വാക്കിന് അനവധി വ്യാഖ്യാനങ്ങൾ ഉണ്ട്. എന്നാൽ പതഞ്ജലി മഹർഷി ഉദ്ദേശിച്ച അർത്ഥം ചിത വൃത്തി നിരോധ അഥവാ മാനസിക വൃത്തികളുടെ ബന്ധനം എന്നതാണ്.കൂടിച്ചേരുക യോജിക്കുക എന്നെല്ലാം അർത്ഥമുള്ള യൂജ് എന്ന ധാതുവിൽ നിന്നാണ് യോഗ എന്ന വാക്ക് ഉത്ഭവിച്ചത്.
ആരോഗ്യപരിപാലനം എന്ന പ്രാഥമികതലം മുതൽ പടിപടിയായി ഉയർന്ന് ഈശ്വര സാക്ഷാത്കാരം എന്ന അത്യാനന്ദ തലവും കടന്ന് ബ്രഹ്മജ്ഞാനത്തിൽ എത്തിച്ചേരുവാൻ സഹായകമാകും വിധം ചിട്ട ചെയ്തെടുത്ത ശാസ്ത്രചര്യയാണ് യഥാർത്ഥ യോഗ.
ഇന്ന് ലോകമെമ്പാടും അതിവേഗത്തിൽ പ്രചാരം ലഭിച്ചു വരുന്ന ശാസ്ത്രമാണ് യോഗ.യോഗ പ്രക്രിയ സർവലൗകീകമായതിന് തെളിവാണല്ലോ ഐക്യരാഷ്‌ട്രസഭ ജൂൺ 21ന് അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കുന്നത്.ജ്ഞാന യോഗ, ഭക്തിയോഗ, കർമ്മയോഗ, രാജയോഗ, എന്നീ പലരൂപത്തിൽ യോഗയെ ആചാര്യന്മാർ വിശേഷിപ്പിക്കുന്നുണ്ട്.ആദ്യ യോഗത്തിലേക്കുള്ള ചവിട്ടുപടികൾ ആയിട്ടാണ് അഷ്ടാംഗയോഗത്തെ ജ്ഞാനികൾ വിശേഷിപ്പിക്കുന്നത്.സാംഖ്യതത്വത്തിൽ വേരുകൾ ഉള്ള യോഗാശാസ്ത്രം മനസ്സിനെയും ശരീരത്തിനെയും ഒരേസമയം നിയന്ത്രിക്കുന്നു. ഈ നിയന്ത്രണം ചിട്ടയായ പരിശീലനത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന ഒന്നാണ്.
യമം – നിയമം – ആസനം – പ്രാണയാമം – പ്രത്യാഹാരം – ധാരണ – ധ്യാനം – സമാധി എന്നിവയാണ് പതഞ്ജലി മഹർഷി പറയുന്ന അഷ്ടാംഗയോഗ.യോഗ എന്നാൽ ചില ആസനങ്ങളും ശ്വസന ക്രിയകളും ആണ് എന്ന് പലരും തെറ്റായി ധരിച്ചു വച്ചിട്ടുണ്ട്. ആധുനികകാലത്തിന്റെ ആവശ്യം ശരീരപരിപാലനം മാത്രമായതുകൊണ്ടാണ് അഷ്ടാംഗ യോഗത്തിലെ ആസനവും പ്രാണായാമവും മാത്രം വളർന്നത്.
അഷ്ടാംഗ യോഗത്തിലെ ആദ്യത്തെ നാല് അംഗങ്ങൾ ചേർന്നതിനെ ബഹിരംഗ യോഗാ എന്നും ശേഷിച്ച അംഗങ്ങളെ അന്തരംഗ യോഗ എന്നും പറയുന്നു.യമം നിയമം എന്നിവ ധാർമിക ശക്തിയും, ആസനം പ്രാണായാമം എന്നിവ ശാരീരികമായ പൂർണതയും നൽകുന്നു.പ്രത്യാഹാരം ധാരണ എന്നിവ മനസ്സിനെ ശക്തിപ്പെടുത്തുന്നു.ധ്യാനം ആത്മീയ പുരോഗതിയിലേക്കും സമാധി ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്നു
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിൻ സെക്രട്ടറിയാണ്.
















Comments