കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

Published by
Janam Web Desk

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ. കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനാണ് ഡിആർഐ തീരുമാനിച്ചിരിക്കുന്നത്. കേസിൽ സിബിഐ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കി ജോയിന്റ് ഡയറക്ടർക്ക് കൈമാറും. തിരുവനന്തപുരം വിമാനത്താവളം വഴി തുടർച്ചയായി സ്വർണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചത്തലത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്.

അറസ്റ്റിലായ അനീഷ് മുഹമ്മദ്, എസ് നിഥിൻ എന്നിവർക്ക് പുറമെ മറ്റ് ചില ഉദ്യോഗസ്ഥർക്ക് കൂടി കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നത്. അനീഷ് മുഹമ്മദും, നിഥിനും സഹായിച്ചിരുന്നെന്ന് വെളിപ്പെടുത്തിയ സ്വർണക്കടത്ത് സംഘാംഗങ്ങളെയും ഡിആർഐ ചോദ്യം ചെയ്യും.
80 കിലോ സ്വർണം താൻ ഇറക്കി തന്നില്ലേയെന്ന് അനീഷ് ചോദിക്കുന്ന സംഭാഷണം സ്വർണക്കടത്തുകാർ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. സിസിടിവി പരിശോധകളുടെയും, മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കും.

ജൂൺ നാലിന് അബുദാബിയിൽ നിന്ന് കൊണ്ടുവന്ന സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് മുമ്പും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ.

Share
Leave a Comment