തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപകമായി പടർന്നുപിടിച്ചതോടെ സർക്കാർ ആശുപത്രികളിലെ പനി ക്ലിനിക്കുകൾ രോഗികളെ കൊണ്ടു നിറഞ്ഞു. ആശുപത്രികളിൽ മതിയായ വെന്റിലേറ്റർ സൗകര്യങ്ങളില്ലെന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ തുടരുന്നതും ആശങ്ക ഇരട്ടിയാക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പെട്ടെന്നുണ്ടായ പനി വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
കാലവർഷം എത്തും മുമ്പേ ശക്തിപ്രാപിച്ച പനി കേരളത്തെ സാരമായി ബാധിക്കുകയാണ്. രോഗികളുടെ എണ്ണത്തിനും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരന്തരം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മറ്റ് ആശുപത്രികളും രോഗികളാൽ നിറഞ്ഞു. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായാണ് വർദ്ധനവുണ്ടായത്. പകർച്ചപ്പനിയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനിയും ജീവനെടുക്കുന്ന സ്ഥിതിയാണ്.
ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. 13 പേരാണ് ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. രണ്ട് പേരുടെ മരണം ഡെങ്കിയെന്ന് സ്ഥിരീകരിച്ചു. 11 പേരുടെ അന്തിമ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.165 പേരാണ് എലിപ്പനിയ്‌ക്ക് ഈ മാസം ചികിത്സ തേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും ഈ മാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കനത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനിബാധിതരുടെ എണ്ണം സംബന്ധിച്ച് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്.
















Comments