തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് എംഎസ്എം കോളേജിൽ പ്രവേശനം നൽകാൻ കേരള സർവകലാശാല പിജി പ്രവേശന തീയതി നീട്ടി നൽകി. 2022 ജനുവരി 20 ന് നടന്ന സിൻഡിക്കറ്റ് യോഗമാണ് ഇതിന് അനുമതി നൽകിയത്. യോഗത്തിന്റെ മിനുട്ട്‌സ് ജനം ടീവിക്ക് ലഭിച്ചു.
പ്രവേശന തീയതി അവസാനിച്ച് മൂന്നുദിവസത്തിനുശേഷം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് തീയതി നീട്ടിയത്. മുൻകൂട്ടി നിശ്ചയിച്ച അജണ്ടകൾക്ക് പുറമെയാണ് സിൻഡിക്കേറ്റ് യോഗം വിഷയം പരിഗണിച്ചത്. നിഖിലിന്റെ കോളേജ് പ്രവേശനത്തിന് ശുപാർശ നൽകിയത് സിപിഎം ഉന്നതനാണെന്ന് കോളേജ് മാനേജർ വെളിപ്പെടുത്തിയിരുന്നു. സിൻഡിക്കേറ്റ് അംഗമാണ് സിപിഎം ഉന്നതൻ എന്നാണ് ലഭിക്കുന്ന സൂചന. ഇതേ ഉന്നതന്റെ ഇടപെടലാണ് പിജി പ്രവേശന തിയതി നീട്ടി നൽകിയതിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
കലിംഗ സർവകലാശാലയിലെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് നിഖിൽ തോമസ് എംഎസ്എം കോളേജിൽ പ്രവേശനം നേടിയത്. നിലവിൽ നാലാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ഇയാൾ. വ്യജ രേഖ ചമയ്‌ക്കൽ, വഞ്ചന കുറ്റങ്ങൾ ചുമത്തി നിഖിലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കായംകുളം എം.എസ് എം കോളേജ് പ്രിൻസിപ്പലിന്റെയും മാനേജരുടെയും പരാതിയിലാണ് എസ്.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസെടുത്തത്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെങ്കിലും ഇതുവരെയും നിഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
Comments