തിരുവനന്തപുരം: നിഖിലിനെ കൈവിട്ട് മുഖം രക്ഷിക്കാൻ എസ്എഫ്‌ഐ. വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ എസ്എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്‌ഐ പുറത്താക്കി. മാദ്ധ്യമ വാർത്തകൾ ശരിവെച്ചാണ് പുറത്താക്കൽ നടപടിയെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. ഇന്നലെ വരെ മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും തള്ളി പറഞ്ഞ നേതൃത്വമാണ് ഇന്ന് നിഖിലിനെ പുറത്താക്കിയത്.
സർട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായി നിഖിൽ മാറിയെന്നും എസ്എഫ്‌ഐ സംഘടനാ ഘടകങ്ങളിൽ നിന്ന് മാറ്റി നിർത്തിയതായും എസ്എഫ്‌ഐ അറിയിച്ചു. എസ്എഫ്‌ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്എഫ്‌ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റെ കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
https://www.facebook.com/photo?fbid=607892581439941&set=a.331054642457071
സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖിൽ വിശദീകരണം നൽകിയത്. നിഖിൽ നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള സർവകലാശാലയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്എഫ്‌ഐയ്‌ക്ക് മുൻപിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ കലിംഗ യൂണിവേഴ്‌സിറ്റിയിൽ റെഗുലർ കോഴ്‌സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചുവെന്ന ആശങ്ക എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയ്‌ക്കുണ്ടായിരുന്നു. അത് മാദ്ധ്യമങ്ങളോട് പങ്കുവെച്ചതുമാണ്. ഇത് സംബന്ധിച്ച പരിശോധന നടത്താൻ കലിംഗ യൂണിവേഴ്‌സിറ്റിയിൽ വിവരാവകാശം നൽകുക മാത്രമായിരുന്നു എസ്എഫ്‌ഐയ്‌ക്ക് മുൻപിലുണ്ടായിരുന്ന മാർഗം. ഇതും മാദ്ധ്യമപ്രവർത്തകരോട് വിശദീകരിച്ചതാണ്. എന്നാൽ പിന്നീട് പുറത്തുവന്ന വാർത്തകൾ പ്രകാരം നിഖിൽ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്- എസ്എഫ്‌ഐ നേതൃത്വം പറയുന്നു.
കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം മാഫിയ സംഘത്തിന്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി മാറി നിഖിൽ. ഒരിക്കലും എസ്എഫ്‌ഐയുടെ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തതെന്നു എസ്എഫ്‌ഐ പറഞ്ഞു.
















Comments