പത്തനംതിട്ട: കീടനാശിനിയുടെ അംശം കണ്ടെത്തിയ ശബരിമലയിലെ അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു.സന്നിധാനത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുന്നതിൽ 32 ടിൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് അരവണ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. കീടനാശിനിയുടെ അളവ് കണ്ടെത്താൻ വീണ്ടും ഗുണനിലവാര പരിശോധന നടത്തണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതിനെ തുടർന്നാണിത്.
അരവണ കൂട്ടിൽ ചേർക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം പരിശോധിച്ചപ്പോൾ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് 6.65 ലക്ഷം ടിൻ അരവണ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിതരണം ചെയ്യാതെ മാളികപ്പുറത്തെ ഗോഡൗണിൽ പ്രത്യേകമായി സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം പരിശോധന നടത്താൻ സാംപിൾ ആയി 32 ടിൻ ലാബിലേക്ക് അയച്ചത്. സുപ്രീംകോടതി നിർദ്ദേശമനുസരിച്ചാണ് നടപടി. പത്തനംതിട്ട ജില്ലയിൽ സാംപിൾ പരിശോധിക്കാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തത് കാരണമാണ് ഇവ തിരുവനന്തപുരത്തേക്ക് അയച്ചത്. പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം കോടതി നിർദ്ദേശം അനുസരിച്ചാകും തുടർനടപടികൾ.
കഴിഞ്ഞ മണ്ഡലകാലത്തിന്റെ തുടക്കത്തിലാണ് ശബരിമലയിലെ അരവണയിൽ ഉൾപ്പെടുത്തുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഹൈക്കോടതി ഇടപെടുകയും പിന്നീട് വിതരണം തടയുകയും ചെയ്തിരുന്നു. ഇതോടെ അരവണ വിതരണം തൽക്കാലത്തേക്ക് നിർത്തിവെച്ചു. പിന്നാലെ ഏലക്ക ഒഴിവാക്കി ഉള്ള അരവണ ഉണ്ടാക്കുകയും ഇത് അടുത്ത ദിവസം മുതൽ ഭക്തർക്ക് പ്രസാദമായി സീസണിൽ വിതരണം ചെയ്യുകയും ആയിരുന്നു. കോടതി നിർദ്ദേശപ്രകാരം മാറ്റിവെച്ച അരവണ നശിപ്പിക്കാൻ പിന്നീട് നിർദ്ദേശം ഉണ്ടായി. എന്നാൽ ഇതിനെതിരെ ദേവസ്വം ബോർഡ് ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് അരവണ സാംപിൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചത്.
















Comments