ലക്‌നൗ: ഭക്തരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവം മകരസംക്രാന്തി ദിനമായ ജനുവരി 14-ന് നടക്കും. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകുമെന്ന് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തർക്കായി പ്രതിഷ്ഠ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുമെന്ന് രാമക്ഷേത്ര സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.
ഒക്ടോബറിൽ പണി പൂർത്തിയാകുന്ന താഴെത്തെ നിലയിൽ രാമ കഥ ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 അടിയിൽ പരന്ന് കിടക്കുന്ന ശ്രീകോവിലിനൊപ്പം 380 അടി നീളവും 250 അടി വീതിയുമുള്ള ക്ഷേത്ര സമുച്ചയമാണ് അയോദ്ധ്യയിൽ യാഥാർത്ഥ്യമാകുന്നത്. മ്യൂസിയം ഉൾപ്പെടെ ക്ഷേത്ര സമുച്ചയം മുഴുവനായും 75 ഏക്കറിലായിരിക്കും സ്ഥിതി ചെയ്യുക. തീർത്ഥാടന കേന്ദ്രം, മ്യൂസിയം, ആർക്കൈവ്സ്, റിസർച്ച് സെന്റർ, ഓഡിറ്റോറിയം, ആചാരാനുഷ്ഠാനങ്ങൾക്കുള്ള വേദി, ഭരണപരമായ കെട്ടിടങ്ങൾ, പുരോഹിതർക്കുള്ള താമസസൗകര്യം എന്നിവ പൂർത്തീകരിച്ച ക്ഷേത്ര സമുച്ചയത്തിൽ ഉൾപ്പെടുന്നു.
ഒന്നാം നിലയിൽ രാമ ദർബാറിലാണ് സീതയുടെ പ്രതിഷ്ഠ. വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠൻ, വിശ്വാമിത്രൻ, അഹല്യ, അഗസ്ത്യ മുനി എന്നിവർക്ക് ഉപക്ഷേത്രങ്ങളുമുണ്ടാകും. മുഖ്യക്ഷേത്രം 2.8 ഏക്കറിലാണ് പൂർത്തിയായിട്ടുള്ളത്. പ്രദക്ഷിണ വീഥി ഉൾപ്പെടെ എട്ടര ഏക്കറുണ്ട്. രാജസ്ഥാനിൽ നിന്നുള്ള നാല് ലക്ഷം ക്യുബിക് അടി കല്ലും മാർബിളും ശ്രീകോവിലിന് മുകളിൽ 161 അടി ഉയരത്തിൽ നിർമ്മിക്കും. സ്റ്റീൽ, ഇഷ്ടിക എന്നിവ ഇതിനായി ഉപയോഗിക്കില്ലെന്നും അധികൃതർ അറിയിച്ചു. നാഗരക ശൈലിയിലാണ് ക്ഷേത്ര വാസ്തുവിദ്യ. ക്ഷേത്രത്തിന് 46 തേക്ക് വാതിലുകളാണ് ഉണ്ടാവുക., ശ്രീകോവിലിന്റെ വാതിൽ സ്വർണം പതിച്ചതാകും.
Comments