ബീജിംഗ്: 166പേരെ നിഷ്‌കരുണം കൊന്നുതള്ളിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈനയുടെ പിന്നിൽ നിന്നുള്ള കുത്ത്. അമേരിക്കയും ഇന്ത്യയും സംയുക്തമായി യുഎന്നിൽ നടത്തിയ നീക്കത്തിനാണ് ചൈന തടയിട്ടത്. സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.
യു എൻ രക്ഷാസമിതിയുടെ 1267 ലെ അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിലെ നിർദേശമാണ് ചൈന നിരാകരിച്ചത്. നേരത്തെ സാജിദ് മിർ മരിച്ചു എന്ന് പാകിസ്താൻ അധികാരികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ അത് അംഗീകരിച്ചില്ല. മാത്രമല്ല ഭീകരന്റെ മരണത്തിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തു.പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ത്വയ്ബയിലെ മുതിർന്ന അംഗമാണ് സാജിദ് മിർ. ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവ്വഹണത്തിലും പ്രധാന പങ്ക് വഹിച്ച സാജിദ് മിർ ലഷ്‌കറിന്റെ ഓപ്പറേഷൻസ് മാനേജരായിരുന്നു എന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നത്.ജൂണിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന സാജിദ് മിറിനെ കേസിൽ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
2022 സെപ്തംബറിലും സാജിദ് മിറിനെ കരിമ്പട്ടികയിലുൾപ്പെടുത്താൻ നിർദേശിച്ചപ്പോൾ ചൈന തടഞ്ഞിരുന്നു. അന്ന് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്നും താത്കാലികമായി നിർദേശത്തെ എതിർക്കുന്നു എന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ഇപ്പോൾ നിർദേശത്തെ ചൈന പൂർണമായും എതിർക്കുകയാണ്. അമേരിക്കയിലെ രണ്ട് ജില്ലാ കോടതികളിൽ സാജിദ് മിറിനെതിരെ 2011 ൽ കേസെടുത്തിരുന്നു.
2008 നവംബർ 26 നാണ് കടൽമാർഗമെത്തിയ പത്ത് ലഷ്‌കർ ഭീകരവാദികൾ മുംബൈയുടെ പല ഭാഗങ്ങളിലായി പൊടുന്നനെ ആക്രമണം നടത്തിയത്. താജ് ഹോട്ടൽ, ഒബ്‌റോയി ഹോട്ടൽ, ലിയോപോൾഡ് കഫെ, നരിമാൻ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനല്‍
എന്നിവിടങ്ങളിലായി നടത്തിയ ആക്രമണങ്ങളിൽ 166 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഒമ്പത് തീവ്രവാദികളെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണത്തിൽ കൊലപ്പെടുത്തുകയിരുന്നു, രക്ഷപ്പെട്ട അജ്മൽ അമീർ കസബിനെ പിടികൂടി പിന്നീട് തൂക്കിലേറ്റിയിരുന്നു.
















Comments