ചെന്നൈ: കമ്പത്ത് ജനവാസമേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് കാടുമാറ്റിയ അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്. കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്താണ് നിലവിൽ അരിക്കൊമ്പൻ തമ്പടിച്ചിരിക്കുന്നത്. അരിക്കൊമ്പൻ ആരോഗ്യവാനാണ്. ഭക്ഷണവും തീറ്റയും എടുക്കുന്നുണ്ടെന്നും തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പൻ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങാനുള്ള സാധ്യത കൂടുതലായതിനാൽ 36 പേർ അടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയും സഞ്ചാര പാതയുമാണ് നിലവിൽ സംഘം നിരീക്ഷിക്കുന്നത്. അരിക്കൊമ്പനുള്ള മേഖലയോട് ചേർന്ന് തന്നെ ക്യാമ്പ് ചെയ്താണ് സംഘം ആനയുടെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത്. കമ്പത്തുനിന്ന് പിടികൂടുമ്പോൾ തുമ്പിക്കൈയിൽ ഉണ്ടായിരുന്ന മുറിവ് പൂർണമായും ഭേദമായി.
അരിക്കൊമ്പന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ തമിഴ്‌നാട് വനം വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലും പുറത്തുവിട്ടിരുന്നു. മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് അരിക്കൊമ്പൻ നിലയുറപ്പിച്ച ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ആനയ്‌ക്ക് ആവശ്യമായ വൈദ്യസഹായം അധികൃതർ നൽകിയിരുന്നു. ഇതിന് ശേഷമാണ് തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് അരിക്കൊമ്പനെ തമിഴ്‌നാട് തുറന്നുവിട്ടത്.
















Comments