ആലപ്പുഴ; നിഖിൽ തോമസിന്റെ വ്യാജരേഖയെപ്പറ്റിയുള്ള വിവരം അഞ്ചുമാസങ്ങൾക്കു മുൻപേ അറിഞ്ഞിട്ടും വിവരം പുറത്തുവിടാതെ പൂഴ്‌ത്തിവയ്‌ക്കുകയായിരുന്നു കായംകുളം എം.എസ്.എം കോളേജ് അധികൃതർ. ഇതിനിടെ നിഖിൽ തോമസ് അഡ്മിഷനായി സമർപ്പിച്ച രേഖകളുടെ അധികാരികത ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷയും കോളേജ് മാസങ്ങളോളം മുക്കി കുട്ടിസഖാവിന് കുടപിടിക്കുകയായിരുന്നു.
നിഖിൽ തോമസിന്റെ ബിരുദയോഗ്യതയിൽ സംശയം ഉന്നയിച്ചുള്ള വിദ്യാർഥികളുടെ പരാതി 5 മാസം മുൻപാണ് കോളേജിന് ലഭിക്കുന്നത്. എംകോമിനു പ്രവേശനം നേടാൻ നിഖിൽ സമർപ്പിച്ച രേഖകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു വിവരാവകാശ അപേക്ഷ നൽകിയ വിദ്യാർഥി സംഘടനാ പ്രവർത്തകരെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാനും ശ്രമം നടന്നു. ഇതിന് അവർ വഴങ്ങാതിരുന്നതോടെ പിന്നീട് ചില കോണുകളിൽ നിന്ന് ഭീഷണിയുമെത്തി.
കഴിഞ്ഞ ജനുവരി 30 നാണ് കോളജിലെ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനു വിവരാവകാശ അപേക്ഷ നൽകുന്നത്. ഇതിനു പിന്നാലെ ‘നിഖിലിനെ ഉപദ്രവിക്കരുത്’ എന്നാവശ്യപ്പെട്ടു മറ്റു പല കോളജുകളിലെയും അദ്ധ്യാപകർ തന്നെ വിളിച്ചെന്ന് ആദിത്യൻ പറയുന്നു. ഇതുവരെ ഈ അപേക്ഷയ്‌ക്കു മറുപടി ലഭിച്ചിട്ടില്ല.
നിഖിൽ പിജി പ്രവേശത്തിനു സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ബാദുഷ ബഷീർ വിവരാവകാശ അപേക്ഷ നൽകി. സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടി ഒരു മാസത്തിനു ശേഷം ഇതു മടക്കി. വീണ്ടും അപേക്ഷ നൽകിയെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്‌ക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കായംകുളം എം.എസ്.എം കോളേജ് നിയോഗിച്ച അഭ്യന്തര അന്വേണസമിതി ഇന്ന് പ്രിൻസിപ്പല്ലിന് റിപ്പോർട്ട്് നൽകും. കോളേജ് നടപടിക്രമങ്ങൾ പാലിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനമില്ലെന്നും പറയുന്ന റിപ്പോർട്ടിൽ കോളേജിന് ക്ലീൻചീറ്റാണ് നൽകിയിരിക്കുന്നത്.
















Comments