ന്യൂഡൽഹി: ‘അതിഥി ദേവോ ഭവ’ എന്ന പുരാതന സംസ്‌കൃത വാക്യത്തിലൂന്നിയതാണ് ടൂറിസം മേഖലയോടുള്ള ഇന്ത്യയുടെ സമീപനമെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോവയിൽ നടന്ന ജി20 ടൂറിസം മന്ത്രിമാരുടെ യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശിഷ്ടാതിഥികളായി എത്തിയ വിവിധ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാർ ഗോവയുടെ സൗന്ദര്യം അടുത്തറിയാൻ അൽപം ദിനങ്ങൾ കൂടി ഇവിടെ ചിലവഴിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ജൂൺ 19ന് ആരംഭിച്ച ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം 22 വരെയാണ് ഗോവയിൽ നടക്കുന്നത്.
ആഗോളതലത്തിൽ ഏകദേശം രണ്ട് ട്രില്യൺ ഡോളറിലധികം മൂല്യമുള്ള വിനോദസഞ്ചാര മേഖലയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും സ്വയം ഒരു ടൂറിസ്റ്റാകാനുള്ള അവസരം അപൂർവ്വമായി മാത്രമേ ടൂറിസം മന്ത്രിമാർക്ക് ലഭിക്കുന്നുള്ളൂവെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. കേവലം കാഴ്ചകൾ ആസ്വദിക്കുക എന്നതിനപ്പുറത്തേക്ക് വിനോദസഞ്ചാരമെന്നത് ആഴമേറിയ അനുഭവമാണെന്നും ടൂറിസം മന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു.
ഹിമാലയം മുതൽ ഇടതൂർന്ന വനങ്ങൾ വരെ.. വരണ്ടുണങ്ങിയ മരുഭൂമികൾ മുതൽ അതിമനോഹരമായ ബീച്ചുകൾ വരെ.. സാഹസികമായ കായിക വിനോദങ്ങൾ മുതൽ മെഡിറ്റേഷൻ റിട്രീറ്റ്‌സ് വരെ.. എല്ലാവർക്കും ഇണങ്ങുന്ന എന്തെങ്കിലുമൊക്കെ അടങ്ങുന്ന സ്ഥലമാണ് ഇന്ത്യ. സംഗീതമാകട്ടെ, ഭക്ഷണമാകട്ടെ, കലാ-സാംസ്‌കാരികമാകട്ടെ, ഇന്ത്യയുടെ വൈവിധ്യം രാജകീയമാണ്. ടൂറിസത്തിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം സംരംക്ഷിക്കുന്നതിനും ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും അദ്ദേഹം പരാമർശിച്ചു. ജനാധിപത്യത്തിന്‌റെ മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ഉത്സവം നടക്കാൻ പോകുകയാണെന്നും ഒരു ബില്യണിലധികം സമ്മതിദായകർ പങ്കാളികളാകുന്ന ഈ ഉത്സവത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യയിലുണ്ടാകണമെന്നും വിശിഷ്ടാതിഥികളോട് മോദി അഭ്യർത്ഥിച്ചു.
ആധ്യാത്മിക വിനോദസഞ്ചാരത്തിന്റെ വികസനത്തിനും ഊന്നൽ നൽകുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ സുപ്രധാനമായ എല്ലാ മതങ്ങളിലെയും തീർത്ഥാടകരെ ഈ രാജ്യം ആകർഷിക്കുന്നു. പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായ വാരാണസിയിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതോടെ തീർത്ഥാടകരുടെ എണ്ണം പത്തിരട്ടിയായി വർധിച്ചു. ഏകതാ പ്രതിമയെ പരാമർശിച്ച പ്രധാനമന്ത്രി, പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഭാരതത്തിന്റെ വിനോദസഞ്ചാര മേഖലയെ അടിമുടി മാറ്റം വരുത്താനും വികസനം കൊണ്ടുവരാനും കേന്ദ്രസർക്കാർ പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയ്‌ക്ക് വലിയ സാധ്യതകളാണുള്ളത്. മറ്റ് മേഖലകളെ അപേക്ഷിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിൽ നൽകാനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്നതിലൂടെ സാമ്പത്തിക പുരോഗതിയിലേക്ക് സുപ്രധാന പങ്കുവഹിക്കുന്ന മേഖലയായി മാറുകയാണ് ഹോസ്പിറ്റാലിറ്റി രംഗം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ അതിവേഗം കൈവരിക്കുക എന്നതിലേക്ക് ടൂറിസം മേഖല പങ്കുവഹിക്കുന്ന പ്രസക്തി ഇന്ത്യ തിരിച്ചറിയുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
















Comments