കോട്ടയം: എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് വൈസ് ചാൻസിലർ. പ്രാഥമിക അന്വേഷണ പ്രകാരം മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയുമാണ് സർവകലാശാല സസ്പെൻഡ് ചെയ്തത്. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകൾ നഷ്ടമായെന്നാണ് സർവകലാശാലയുടെ വാദം.
എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാനില്ല എന്ന വാർത്ത പുറത്തായതോടെയാണ് അധികൃതർ അടിയന്തിര നടപടി സ്വീകരിച്ചത്. ഉത്തരവാദിത്വത്തിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തെ കുറിച്ച് ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തിൽ വിശദമായ അന്വേഷണം നടത്തും. സർട്ടിഫിക്കറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റുവാനും തീരുമാനമായി.
കാണാതായ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തിരമായി പോലീസിൽ പരാതി നൽകുവാനും സർവകലാശാല തീരുമാനിച്ചു. കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി. ഇവയുടെ സീരിയൽ നമ്പറുകൾ പ്രസിദ്ധീകരിക്കും. ഈ വിഷയത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് സമർപ്പിക്കുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. പരീക്ഷാ കൺട്രോളർ ഡോ. സിഎം ശ്രീജിത്ത് ആണ് വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത്.
Comments