ഹൈദരാബാദ് : എസ് എസ് രാജമൗലിയ്‌ക്ക് മഹാഭാരതത്തിന് മുന്നോടിയായുള്ള ലിറ്റ്മസ് ടെസ്റ്റായിരുന്നു ബാഹുബലിയെന്ന് പിതാവും , എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് . യൂട്യൂബ് ചാനലായ ഫിലിം ട്രീയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .
‘ രാജമൗലി എന്നോട് രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിലുള്ള ഒരു കഥ ചോദിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞത് പേർഷ്യൻ വാൾ നിർമ്മാതാവിനോട് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വാളിനെ ക്കുറിച്ച് പറയുന്ന കട്ടപ്പയുടെ കഥയാണ് . പിന്നെ ഒരു നദിയിലെ ജലപ്രവാഹത്തിൽ നിന്ന് തന്റെ കുഞ്ഞിനെ കൈകളിൽ ഉയർത്തി തന്റെ ജീവൻ ബലിയർപ്പിച്ച് രക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥ വന്നു, ഒടുവിൽ അത് ശിവഗാമിയുടെ കഥാപാത്രമായി മാറി,” വിജയേന്ദ്ര പ്രസാദ് പറഞ്ഞു
ബാഹുബലിയുടെ തിരക്കഥയുടെ ജോലികൾ പുരോഗമിക്കുന്നതിനിടെ, ഒരു ദിവസം രാജമൗലി എന്റെ അടുത്ത് വന്ന് ചോദിച്ചു, “അച്ഛാ, ഞങ്ങൾ എന്തിനാണ് ഈ സിനിമ ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? എന്തിനാണെന്ന് ഞാൻ അവനോട് ചോദിച്ചു. രാജാക്കന്മാർ, കൊട്ടാരങ്ങൾ, രാജ്ഞികൾ, ദുഷ്ടരായ എതിരാളികൾ, കുതിരകൾ, യുദ്ധങ്ങൾ എന്നിങ്ങനെയുള്ള ഈ ചിത്രത്തിലൂടെ മഹാഭാരതം കൈകാര്യം ചെയ്യാനുള്ള എന്റെ സ്വന്തം സന്നദ്ധത പരിശോധിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു അവൻ പറഞ്ഞത് . ആ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ലിറ്റ്മസ് ടെസ്റ്റായിരിക്കും ഇതെന്ന് രാജമൗലി പറഞ്ഞു, ” വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തി.
“അമരേന്ദ്ര ബാഹുബലിയുടെ കഥ ഒരു ഫ്ലാഷ്ബാക്ക് ആയി എടുക്കാൻ കീരവാണി നിർദ്ദേശിച്ചതാണ്, കാലകേയ ഉപയോഗിച്ച ഭാഷയുടെ മുഴുവൻ ക്രെഡിറ്റും തമിഴ് എഴുത്തുകാരൻ മദൻ കിർക്കിക്കാണ്. കട്ടപ്പയുടെ വേഷത്തിലേക്ക് മോഹൻലാലിനെയും പരിഗണിച്ചിരുന്നു. രമ്യാ കൃഷ്ണനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, ശിവഗാമിയായി ശ്രീദേവിയെ കാസ്റ്റ് ചെയ്യാനാണ് രാജമൗലി ആഗ്രഹിച്ചത് . എന്നാൽ ഞാൻ എതിർത്തു . റാണയ്‌ക്ക് മുമ്പ് ജയസുധയുടെ മകനടക്കം മറ്റു ചില പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ ആ വേഷത്തിൽ റാണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമന്നയെക്കുറിച്ച് എനിക്ക് അത്ര ഉറപ്പില്ലായിരുന്നു, പക്ഷേ ആ കഥാപാത്രത്തിൽ അവൾ മികച്ച അഭിനയം കാഴ്‌ച്ചവച്ചു . ബാഹുബലിയുടെ ഗംഭീര വിജയത്തിൽ അഭിനന്ദിക്കേണ്ടത് എന്റെയോ പ്രഭാസിന്റെയോ രാജമൗലിയുടെയോ നേട്ടമല്ല, നിർമ്മാതാക്കളായ ശോഭുവിന്റെയും പ്രസാദിന്റെയും ധൈര്യവും ബോധ്യവുമാണ്. ബാഹുബലിയിലൂടെ ഇന്ത്യൻ സിനിമ ഒരു പുതിയ അധ്യായം മാറ്റിയിട്ടുണ്ടെങ്കിൽ അത് അവർ കാരണം മാത്രമാണ്.‘ അദ്ദേഹം കൂട്ടിച്ചേർത്തു .
Comments