ജഡം ഭക്ഷിച്ച് ജീവിക്കുന്ന ഒരു പക്ഷിയാണ് കഴുകൻ. പൊതുവെ ഇവയ്‌ക്ക് ഭംഗി ഇല്ലെന്നാണ് പലരുടെയും തെറ്റിദ്ധാരണ. സാധാരണ പക്ഷികൾക്കുള്ളതു പോലെ തലയിലും കഴുത്തിലും രോമം ഇല്ല എന്നതാണ് കഴുകന്മാരുടെ ഭംഗിയില്ലായ്മയായി മിക്കവരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, അതു തന്നെയാണ് ഈ പക്ഷിയുടെ ഭംഗി എന്ന് തിരിച്ചറിയണം. ലോകത്ത് വിവിധ തരം കഴുകന്മാർ ഉണ്ട്. ഓസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു. കഴുകന്മാരുടെ വലിപ്പം തന്നെയാണ് അവയുടെ പ്രധാന ആകർഷണം. കഴുകന്മാർക്ക് സൗന്ദര്യം പോരാ എന്ന് പറയുന്നവർ ലാമർഗീയർ എന്ന കഴുകനെ കണ്ടിട്ടില്ല എന്നതാണ് സത്യം. താടിയുള്ള കഴുകൻ എന്നറിയപ്പെടുന്ന ലാമർഗീയർ മറ്റ് കഴുകന്മാരിൽ നിന്നും തീർത്തും വ്യത്യസ്തരാണ്.
മിക്ക കഴുകന്മാരെയും പോലെ, ലാമർഗീയർ കഴുകന് മൊട്ടത്തലയല്ല. ഇവയ്‌ക്ക് താരതമ്യേന ചെറിയ തലയാണുള്ളത്. എന്നാൽ, കഴുത്തും താടിയും ശക്തമാണ്. നീളമുള്ള താടിയെല്ലാണ് ഇവയ്‌ക്ക്. തലയിലും കഴുത്തിലും ഇടതൂർന്ന ഓറഞ്ച് തൂവലുകൾ കാണാം. ഓറഞ്ചും ചെറിയ കറുപ്പ് കലർന്ന ചാര നിറവുമാണ് ഇവയുടേത്. ഇറാനിയൻ ഐതിഹ്യങ്ങളിൽ പറയപ്പെടുന്ന ഹുമ എന്ന പുരാണ പക്ഷിയോട് സാമ്യമുള്ള കഴുകനാണ് ലാമർഗീയർ. തെക്കൻ യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, ടിബറ്റ് എന്നിവിടങ്ങളിലെ ഉയർന്ന മലനിരകളിലാണ് ഇവയെ പൊതുവെ കാണപ്പെടുന്നത്.
സൗന്ദര്യം കൊണ്ടു മാത്രമല്ല, ഭക്ഷണ രീതി കൊണ്ടും ലാമർജിയർ മറ്റ് കഴുകന്മാരിൽ നിന്നും വേറിട്ട് നിൽക്കുന്നു. മിക്ക കഴുകന്മാരും മാംസം ഭക്ഷിക്കുമ്പോൾ, ലാമർജിയർ കഴുകന് അസ്ഥികൾ കഴിക്കാനാണ് ഇഷ്ടം. മാംസം ഭക്ഷിച്ച ശേഷം കഴുകന്മാർ അസ്ഥികൾ ഉപേക്ഷിച്ച് പോകുന്നതാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ, ലാമർജിയർ തീർത്തും വ്യത്യസ്തനാണ്. എല്ലുകൾ ചെറിയ കഷ്ണങ്ങളാക്കി വിഴുങ്ങുകയാണ് ഇവ ചെയ്യുന്നത്. വലിയ അസ്ഥികൾ ഉയരങ്ങളിൽ നിന്നും താഴേയ്‌ക്ക് ഇട്ട് പൊട്ടിക്കുന്നു. അസ്ഥി ചെറുതായി പൊട്ടുന്നവരെ പ്രയത്നിക്കാൻ ലാമർജിയർ തയ്യാറാണ് എന്നതാണ് മറ്റൊരു പ്രത്യകത.
എല്ല് ഭക്ഷിക്കാൻ വേണ്ടി എത്ര തവണ വേണമെങ്കിലും ക്ഷമയോടെ ഇവ ഈ പ്രവർത്തി ചെയ്യും. എല്ല് ഒരു ചെറിയ കഷ്ണമായി ഒടിച്ചുകഴിഞ്ഞാൽ, പക്ഷി അവ വിഴുങ്ങും. വിഴുങ്ങുന്ന അസ്ഥി പക്ഷിയുടെ അന്നനാളത്തിലേക്ക് നീങ്ങുകയും ഒടുവിൽ പ്രോവെൻട്രിക്കുലസിൽ എത്തുകയും ചെയ്യുന്നു. അവിടെ ശക്തമായ ദഹന എൻസൈമുകളുണ്ട്. ഇങ്ങനെ ദഹനപ്രക്രിയ ആരംഭിക്കും. ഭക്ഷണത്തിന്റെ ഭൂരിഭാഗവും ദഹിപ്പിക്കാൻ ഏകദേശം 24 മണിക്കൂർ മാത്രമേ ഇവയ്‌ക്ക് എടുക്കൂ. ലാമർഗിയറിന്റെ പ്രധാന ഭക്ഷണം അസ്ഥികളാണെങ്കിലും, ചെറിയ പല്ലികളെയും ആമകളെയും ഇവ കഴിക്കും.
Comments