വാഷിംഗ്ടൺ: ലോട്ടറി അടിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. എന്നാൽ അത് അത്ര എളുപ്പമല്ല എന്നതും യാഥാർത്ഥ്യമാണ്. അത്തരത്തിൽ ഒരു ഭാഗ്യം തേടി വരികയാണെങ്കിൽ ആ പണം എന്ത് ചെയ്യണമെന്നറിയാതെ ധൂർത്തടിച്ച് കളയാനുള്ള സാദ്ധ്യതയും ഏറെയാണ്. വൻ തുക ലോട്ടറിയിലൂടെ ലഭിച്ചിട്ടും ജീവിതത്തിൽ ദരിദ്രരായി മാറുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് ലോട്ടറി അടിച്ച തുക എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതിനെ തുടർന്ന് സംഭവിക്കുന്നതാണ്. എന്നാൽ അമേരിക്കയിലെ മിഷിഗണിൽ നിന്നുമുള്ള ഒരു സ്ത്രീ ഇതിനുള്ള പരിഹാരമാർഗ്ഗം നിർദ്ദേശിച്ചിരിക്കുകയാണ്.
ജീവിതത്തിൽ മെഗാ ലോട്ടറിയടിച്ചതിന്റെ പരിചയസമ്പത്തിലാണ് ഇവർ ഇക്കാര്യം സൂചിപ്പിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് മിഷിഗൺ പവർബോളിൽ ജൂലി എന്ന സ്ത്രീയ്‌ക്ക് സമ്മാനമടിച്ചിരുന്നു. ജൂലി ലീച്ച് എന്ന മിഷിഗണുകാരിക്കാണ് 310.5 മില്യൺ ഡോളറിന്റെ പവർബോൾ ലോട്ടറി അടിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതത്തിൽ സമ്മാനം വന്നെത്തിയതെന്ന് ജൂലി പറഞ്ഞു. 2015-ലായിരുന്നു സംഭവം. ‘വൈകീട്ട് ആറര ആയപ്പോൾ ഒരു കാപ്പി കുടിക്കാനായിട്ടാണ് പുറത്തിറങ്ങിയത്. ആ സമയം തോന്നിയ ആഗ്രഹത്തിന്റെ പുറത്താണ് ഇരുപത് ഡോളർ മുടക്കി ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ തീരുമാനിച്ചത്. അതിന് ശേഷം ഞാൻ ജോലിക്കായി പോവുകയായിരുന്നു. അടുത്ത ദിവസം അങ്ങനെ ഉച്ചഭക്ഷണത്തിനായി മക്ഡൊണാൾഡ്സിൽ പോയപ്പോഴാണ് നേരത്തെ വാങ്ങിയ ലോട്ടറിയെ കുറിച്ച് ഓർമ വന്നതെന്ന് ജൂലി പറയുന്നു. അവിടെ വെച്ച് തന്നെ ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ പരിശോധിച്ചു. സമ്മാനത്തുക കണ്ടപ്പോൾ ഞെട്ടുകയും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയും. വേഗം ജോലി സ്ഥലത്തേക്കാണ് പോയി. അവിടെ വെച്ച് സഹപ്രവർത്തകരെ കൊണ്ട് ലോട്ടറി ടിക്കറ്റ് പരിശോധിപ്പിച്ചാണ് നേട്ടം’ ഉറപ്പിച്ചതെന്നും ജൂലി പറഞ്ഞു.
310 മില്യണാണ് സമ്മാനത്തുകയെന്ന് മനസ്സിലാക്കിയതോടെ കുറച്ച് സമാധാനമായി. ഉടൻ തന്നെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ശരിക്കും വലിയ ആവേശമായിരുന്നു പിന്നീട് ജീവിതത്തിൽ ഉണ്ടായതെന്നും ജൂലി പറയുന്നു. ഇനിയൊരിക്കലും ജോലിക്ക് പോകേണ്ടെന്ന കാര്യമാണ് അതിൽ ഏറ്റവും നല്ല കാര്യമായി തോന്നിയത്. അതേസമയം ജൂലി പണം എന്ത് ചെയ്യണമെന്ന കാര്യത്തിൽ ലോട്ടറി അടിക്കുന്നവർക്കായി ചില ഉപദേശങ്ങളും നൽകി. കൃത്യമായ പ്ലാനിംഗോടെയാണ് കാര്യങ്ങൾ ചെയ്തത്. കുറച്ച് സ്ഥലം വാങ്ങുന്നത് അടക്കം പരിഗണനയിലുണ്ടായിരുന്നു. കൃത്യമായ പ്ലാനിംഗ് എല്ലാക്കാര്യത്തിലും ഉണ്ടാകണം. എന്നാൽ ലോട്ടറി അടിക്കുന്നവരെല്ലാം സാമ്പത്തിക ഉപദേഷ്ടാക്കളെ നിയമിക്കണമെന്ന് ഇവർ ഉപദേശിച്ചത്. അവരുടെ നിർദേശപ്രകാരം മാത്രം കാര്യങ്ങൾ ചെയ്യുക. ഇത്രയും വലിയൊരു തുക എന്ത് ചെയ്യണമെന്ന് നമുക്ക് ഒരിക്കലും അറിയാൻ സാധ്യതയില്ലെന്നും ജൂലി പറഞ്ഞു.
















Comments