വൃത്തിയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് മലയാളി. ദിവസവും രണ്ട് നേരം കുളിച്ച് ദേഹശുദ്ധി വരുത്താത്തവർ ചുരുക്കമാണ്. കുളിക്കുമ്പോഴെല്ലാം മുടിയും കഴുകാറുണ്ട്. പലരും കുളിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെയാണ് മുടിയും കഴുകാനുപയോഗിക്കുന്നത്. പുരുഷന്മാരാണ് അധികവും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് അത്ര നല്ല ശീലമല്ലായെന്നതാണ് വസ്തുത.
മൃദുത്വമാർന്ന മുടിയാണ് വേണ്ടതെങ്കിൽ സോപ്പിന്റെ ഉപയോഗം നിർത്തേണ്ടതാണ്. തലയോട്ടിയ്‌ക്കും മുടിയ്‌ക്കും സോപ്പ് യാതൊരുവിധ ഗുണവും ചെയ്യുന്നില്ല. സോപ്പിന്റെ ഉപയോഗം മുടി കൊഴിച്ചിലിനും കാരണമാകുന്നു. ചർമ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും ആവശ്യമായ ആൽക്കലൈൻ പിഎച്ച് അടങ്ങിയിട്ടുള്ളതാണ് സോപ്പ്. ഈ സോപ്പ് ഉപയോഗിച്ച് മുടി കഴുകുന്നത് വഴി മുടിയിൽ കെട്ട് കൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പുരുഷന്മാരുടെ മുടി ആണെങ്കിൽ ഡ്രൈ ആയതുപോലെ തോന്നിക്കാനും സോപ്പ് കാരണമാകും. സോപ്പിന്റെ പത താരനും കാരണമാകും. മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ മുടിയ്‌ക്ക് സോപ്പ് ഗുണം ചെയ്യില്ല.
സോപ്പിന് പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഈ പ്രശ്‌നമുണ്ടാകില്ല. കാരണം ആൽക്കലൈൻ പിഎച്ച് ഘടകം ഷാംപൂവിൽ അടങ്ങിയിട്ടില്ല. എന്നാൽ പതിവായി ഷാംപൂ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇടയ്‌ക്കിടെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ ഇതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. കൃത്രിമമായി നിർമിക്കുന്ന ഷാംപൂകളിൽ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്.
















Comments