ന്യൂഡൽഹി: പ്രസവാവധി മൗലികാവകാശമാണെന്ന് സുപ്രധാനവിധിയുമായി ഹിമാചൽ പ്രദേശ് ഹൈക്കോടതി. മാതൃത്വത്തിന്റെ അന്തസ്സ് സംരക്ഷിക്കുക, അമ്മയ്‌ക്കും കുഞ്ഞിനും പൂർണ്ണവും ആരോഗ്യകരവുമായ സംരക്ഷണവും ഉറപ്പാക്കുക എന്നിവ പ്രസവാവധിയുടെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
പ്രസവാവധി അനുവദിക്കാതിരിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 29, 39 (ഡി) എന്നിവയുടെ ലംഘനമാണിത്. സ്ത്രീകൾക്കും മാതൃത്വത്തിനും നവജാത ശിശുവിനും സാമൂഹിക നീതി കൈവരിക്കുന്നതിനാണ് പ്രസവാവധി ലഭ്യമാക്കുന്നത്. ഈ ഘട്ടത്തിൽ അമ്മയ്‌ക്കും കുഞ്ഞിനും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ജസ്റ്റിസുമാരായ തർലോക് സിംഗ് ചൗഹാനും വീരേന്ദ്ര സിംഗും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.
സർക്കാർ സർവീസിൽ ദിവസവേതനത്തിന്
ജോലി ചെയ്തിരുന്ന സീതാദേവി എന്ന സ്ത്രീ സമർപ്പിച്ച് ഹർജിയിലാണ് കോടതി ഉത്തരവ്. 1996-ൽ, സീത ഗർഭിണിയാവുകയും മൂന്ന് മാസത്തെ പ്രസവാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. പ്രസവാവധി കാരണം, 240 ദിവസത്തെ ഏറ്റവും കുറഞ്ഞ വാർഷിക ഹാജർ എന്ന നിബന്ധന പൂർത്തീകരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് കേസിലാണ് ഹൈക്കോടതിയുടെ വിധിന്യായം.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവിക പ്രതിഭാസമാണ് അമ്മയാകുക. ജോലി ചെയ്യുന്ന ഗർഭിണിയായ ഒരു സ്ത്രീ പരിഗണനയും അനുകമ്പയും അർഹിക്കുന്നു. ജോലിസ്ഥലത്ത് തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് സ്ത്രീകൾ നേരിടേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ തൊഴിലുടമ തിരിച്ചറിയണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സുരക്ഷയ്‌ക്കും ദോഷകരമാകുന്ന രീതിയിൽ കഠിനാധ്വാനം ചെയ്യാൻ സ്ത്രീകളെ നിർബന്ധിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 25(2) പ്രകാരം മാതാവിനും കുട്ടിക്കും പ്രത്യേക പരിചരണത്തിനും സഹായത്തിനും അർഹതയുണ്ട്. അവിവാഹിതരായ അമ്മമാർക്കും അവർക്ക് ജനിക്കുന്ന കുട്ടികൾക്കും ഒരേ സാമൂഹിക സംരക്ഷണത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
















Comments