ബി ആർ ചോപ്രയുടെ മഹാഭാരതം സീരിയൽ എന്നും മനസിനോട് ചേർന്ന് നിൽക്കുന്ന വികാരമാണ് പ്രേക്ഷകർക്ക് . എന്നാൽ ഈ സീരിയലും കോടതി കയറിയ സംഭവങ്ങൾ പങ്ക് വയ്‌ക്കുകയാണ് യുധിഷ്‌ടിരന്റെ വേഷം അനശ്വരമാക്കിയ ഗജേന്ദ്ര ചൗഹാൻ . മഹാഭാരതം സംപ്രേക്ഷണം ചെയ്യുമ്പോഴും അന്നത്തെ സർക്കാർ ചില സംഭാഷണങ്ങളെയും രംഗങ്ങളെയും കുറിച്ച് എതിർപ്പ് ഉന്നയിച്ചിരുന്നുവെന്ന് ഗജേന്ദ്ര ചൗഹാൻ പറയുന്നു. തുടർന്ന് ബിആർ ചോപ്ര നിയമവഴി സ്വീകരിച്ചു.
1988 സെപ്തംബറിൽ മഹാഭാരതം സീരിയലിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് താജ് ഹോട്ടലിൽ വാർത്താസമ്മേളനം നടത്തിയിരുന്നുവെന്ന് ഗജേന്ദ്ര ചൗഹാൻ പറയുന്നു. ‘രാജവംശം’ എന്ന ഡയലോഗ് പറയുന്നതിനോട് സർക്കാരിന് എതിർപ്പായിരുന്നു . ദൂരദർശനിൽ ഇതിന്റെ പരസ്യം വന്നപ്പോൾ മുതൽ നിലവിലെ സർക്കാരിന് എതിർപ്പുണ്ടായിരുന്നു. രാജവംശം എന്ന വാക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മഹാഭാരതം ആരംഭിക്കുന്നത് കാലചക്രം പോലെയുള്ള ഒരു പ്രതീകാത്മക രംഗത്തോടെയാണ്. കാലചക്രത്തിന് പോലും വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല . അന്നത്തെ സർക്കാർ ഈ ദൃശ്യത്തെ എതിർക്കുകയും ഈ കാലചക്രം തങ്ങളുടെ പ്രതിപക്ഷ പാർട്ടിയെ അനാവശ്യമായി പ്രോത്സാഹിപ്പിക്കുകയാണെന്ന് പറയുകയും ചെയ്തു. ജനതാദളിന്റെ പ്രതീകമായിരുന്ന കാലചക്ര ഒഴിവാക്കണമെന്നായിരുന്നു 1988 ൽ ഭരിച്ചിരുന്ന സർക്കാരിന്റെ ആവശ്യം .
എന്നാൽ ഈ രണ്ട് കാര്യങ്ങളും മാറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ബിആർ ചോപ്ര ഉറച്ചുനിന്നു . തന്റെ എഴുത്തുകാരുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെ സംതൃപ്തനായിരുന്നു, മാറാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. അദ്ദേഹം കോടതിയിൽ പോയി . ഒക്‌ടോബർ ഒന്നിന് രാത്രിയോടെ കോടതിയിൽ നിന്ന് ക്ലിയറൻസും എടുത്തിരുന്നു. എല്ലാം ഒരു രാത്രിയിൽ സംഭവിച്ചു, ഒക്ടോബർ 2 ന് മഹാഭാരതം ജനങ്ങളുടെ മുന്നിൽ എത്തി – ഗജേന്ദ്ര ചൗഹാൻ പറയുന്നു.
















Comments