സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞാൽ അശ്ലീല പദപ്രയോഗം നടത്തിയവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് കേരളാ പോലീസ്. മാനനഷ്ടത്തിന് കോടതിയെ സമീപിക്കാമെന്നാണ് പോലീസിന്റെ നിലപാട്. പൊതുജനമധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതിന് യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത കേരളാ പോലീസ് തന്നെയാണ് സൈബറിടത്തിലെ സമാന കുറ്റകൃത്യത്തിന് കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജനംടിവി പ്രോഗ്രാം ഹെഡ് അനിൽ നമ്പ്യാർ നൽകിയ പരാതിയിന്മേലാണ് കേരളാ പോലീസിന്റെ രേഖാമൂലമുള്ള മറുപടി. സഖാവ് എ.എ റഹീമോ, സഖാവ് പി.എം ആർഷോയോ ആയിരുന്നു ഇത്തരം പരാതി നൽകിയിരുന്നതെങ്കിൽ കെ പോലീസ് കേസെടുക്കും, പറയുന്നയാളെ പ്രതി ചേർക്കുമെന്നും അനിൽ നമ്പ്യാർ വിമർശിച്ചു.
ഇതുസംബന്ധിച്ച് അനിൽ നമ്പ്യാർ പങ്കുവച്ച കുറിപ്പിങ്ങനെ..
“സമൂഹ മാദ്ധ്യമങ്ങളിലൂടെ എന്നെയും വീട്ടുകാരെയും കേട്ടാലറക്കുന്ന ഭാഷയിൽ നിരന്തരം തെറി വിളിക്കുന്നവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മെയ് 30ന് ഞാൻ എഡിജിപി (ലോ & ഓർഡർ), സിറ്റി പോലീസ് കമ്മീഷണർ, സൈബർ പോലീസ് എന്നിവർക്ക് ഇ-മെയിലായി പരാതി അയക്കുന്നു.
ജൂൺ 6ന് റീമൈൻ്റർ അയക്കുന്നു.
ജൂൺ 16ന് സിറ്റി പോലീസ് കമ്മീഷണറെ നേരിൽക്കണ്ട് പരാതി കൊടുക്കുന്നു.
എന്റെ മൊഴി പോലും രേഖപ്പെടുത്താതെ ജൂൺ 22ന്, (ഇന്ന്) സൈബർ പോലീസ് ക്രൈം സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മറുപടി കിട്ടി ബോധിച്ചു. ഐടി ആക്ട് പ്രകാരം കേസെടുക്കാൻ പറ്റില്ല. മാനനഷ്ടത്തിന് കോടതിയെ സമീപിക്കണമത്രെ.
ഞാൻ സഖാവ് എ.എ റഹീമോ, സഖാവ് പി.എം ആർഷോയോ ആയിരുന്നെങ്കിൽ കെ പോലീസ് കേസെടുക്കും. പറയുന്നയാളെ പ്രതി ചേർക്കും. പാതിരാത്രി വീട്ടിൽക്കയറി അറസ്റ്റ് ചെയ്യും. K Police നീണാൾ വാഴ്ക.” ഇതായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച അനുഭവക്കുറിപ്പ്.
Comments