ബെംഗളൂരു: രണ്ട് ബൾബുകൾ മാത്രമുള്ള വീട്ടിൽ വൈദ്യുതി ബിൽ 1.03 ലക്ഷം രൂപ. കർണാടകയിലെ കൊപ്പൽ എന്ന സ്ഥലത്താണ് സംഭവം. 90 വയസ്സ് പ്രായമുള്ള അമ്മയും മകനും താമസ്സിക്കുന്ന വീട്ടിലാണ് ഇത്രയും ഭീമൻ തുക വൈദ്യുത ബിൽ വന്നത്. എന്തായാലും ബിൽ കണ്ട് നാട്ടുകാർ മൊത്തം ഞെട്ടിയിരിക്കുകയാണ്.
കൊപ്പൽ ജില്ലയിലെ ഭാഗ്യനഗറിലാണ് വൃദ്ധയായ ഗിരിജയും കൂലിപ്പണിക്കാരനായ മകനും കഴിയുന്നത്. മെയ്മാസത്തെ വൈദ്യുതബില്ലിലാണ് ഇവർക്ക് ഇത്തരത്തിൽ വലിയൊരു തുക ലഭിച്ചത്. ഇത്തരം ഒരു ബില്ല് തങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന് വരില്ലെന്നും തുക എങ്ങനെ അടക്കണമെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.
മകന് കൂലിപ്പണിയാണ്, ഞങ്ങൾ രണ്ട് പേരും മാത്രമാണ് ഈ വീട്ടിലുള്ളത്. നേരത്തെ 70 മുതൽ 80 രൂപയായിരുന്നു വൈദ്യുതി ബില്ല് വന്നിരുന്നത്. തങ്ങളുടെ വീട്ടിൽ എങ്ങനെ ഒരു ലക്ഷത്തിന്റെ ബില്ല് വന്നെന്ന് മനസ്സിലാകുന്നില്ലെന്നും ഗിരിജ പറഞ്ഞു. സംഭവം വാർത്തയായതോടെ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഇവരുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിച്ചു.
സാങ്കേതിക പിഴവ് മൂലമാണ് ഭീമമായ തുക വന്നിരിക്കുന്നതെന്നും ഈ തുക ഇവർ അടക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
Comments